തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിൽ എത്തുന്ന എല്ലാ പ്രവാസികൾക്കും സൗജന്യമായി ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് കയ്യിലുണ്ടെങ്കിലും വിമാനത്താവളത്തിലെ പരിശോധന നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാൻ കഴിയില്ല. കൊവിഡിന്‍റെ രണ്ടാം തരംഗ സാധ്യതയുള്ളതിനാലും വകഭേദം വന്ന വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാലും പരിശോധന കർശനമായി നടത്തണമെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ പരിശോധന വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ പരിശോധനക്കെതിരെ പ്രവാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് പരിശോധന സൗജന്യമാക്കാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നടത്തുന്ന ആർടിപിസിആർ പരിശോധനയുടെ ഫലം ഉടൻ കൈമാറും. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കേന്ദ്ര നിർദ്ദേശ പ്രകാരം ആർടിപിസിആർ പരിശോധന തുടങ്ങിയിരുന്നു. സ്വകാര്യ ഏജൻസികളാണ് പരിശോധന നടത്തുന്നത്. 1700 രൂപയായിരുന്നു ഒരാളിൽ നിന്ന് പരിശോധനക്കായി ഈടാക്കിയിരുന്നത്.