തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടിക ജാതി-വർഗ ക്ഷേമപദ്ധതിയിൽ തട്ടിപ്പ് നടത്തി വൻതുക തട്ടിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. നഗരസഭ കേന്ദ്രീകരിച്ച് ജോലി ചെയ്‌തിരുന്ന പട്ടിക ക്ഷേമ വകുപ്പിലെ ക്ലാർക്ക് രാഹുലിനെയാണ് സസ്പെൻഡ് ചെയ്‌തത്. പ്രാഥമിക പരിശോധനയിൽ 72 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് വിവരം. പ്രമോട്ടർമാർ ആയി ജോലി ചെയ്‌തിരുന്ന പ്രമോദ്, സംഗീത എന്നിവർക്കെതിരെയും അന്വേഷണം നടക്കുകയാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
രാഹുലിനെതിരെ സെക്രട്ടറി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടിക ജാതി-വർഗ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കേണ്ട പണമാണ് രാഹുൽ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന് പകരം രാഹുലിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് നമ്പറാണ് നൽകിയിരുന്നത്. രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതോടെ പരാതി നൽകുകയായിരുന്നു.