തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയിൽ ശശികുമാർ വധക്കേസില്‍ നാല് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 40,000 രൂപ പിഴയും. വട്ടക്കരിക്കകം സ്വദേശികളായ ബിനു, അനീഷ്, ശരത് ലാൽ, സജിൻ കുമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി വിചാരണക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്‌ജി എൻ. ശേഷാദ്രിനാഥന്‍റെതാണ് ഉത്തരവ്.
കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 20,000 രൂപ വീതം പിഴയും, ആയുധങ്ങൾ കൈവശം വച്ചതിന് ഏഴു വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും, വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തിയതിന് അഞ്ചു വർഷം കഠിന തടവും രൂപ 10,000 വീതം പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധി. 2006 നവംബർ 29നായിരുന്നു കൊലപാതകം നടന്നത്.
കുറ്റപത്രത്തിൽ ഉണ്ടായിരുന്ന 38 സാക്ഷികളിൽ 26 പേരെ വിസ്തരിച്ചിരുന്നു. 66 രേഖകൾ, 13 തൊണ്ടിമുതലുകൾ എന്നിവ പ്രോസിക്യൂഷൻ വിസ്താരത്തിൽ പരിഗണിച്ചു. മൊത്തം എട്ടു പ്രതികളുള്ള കേസിൽ ആറു മുതൽ എട്ടു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. വട്ടപ്പാറ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രിയൻ ,റെക്‌സ്.ഡി.ജെ എന്നിവർ ഹാജരായി.