തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്ന് 128ഓളം കെയ്സ് മദ്യം കവർന്ന കേസിൽ നാലു പേർ പിടിയിൽ. പ്രധാന പ്രതികളായ കവലയൂർ പൂവത്തു വീട്ടിൽ രജിത്, മുങ്ങോട് സുമ വിലാസത്തിൽ മെബിൻ എന്നിവരും, മോഷണ മുതൽ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത മൂങ്ങോട് എവർ ഗ്രീൻ ഹൗസിൽ നിഖിൽ, ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ എന്നിവരാണ് അറസ്റ്റിലായത്.
മെബിനും രജിത്തുമാണ് മോഷണത്തിന്‍റെ പ്രധാന സൂത്രധാരൻമാർ. രജിത്തിന്‍റെ ബലേനോ കാറിലും മറ്റു രണ്ടു കാറിലും ബൈക്കിലുമായി 8ഓളം പ്രതികൾ ചേർന്നാണ് വിവിധ ദിവസങ്ങളിലായി ബിവറേജസ് കോർപ്പറേഷന്‍റെ ഗോഡൗണിൽ നിന്ന് മദ്യം കവർന്നത്. മറ്റു പ്രതികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
READ MORE: കരിപ്പൂർ വിമാനത്താവളത്തിൽ 33 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി
ലോക്ക് ഡൗൺ കാലത്ത് നടന്ന മോഷണം വളരെ യാദൃശ്ചികമായാണ് പുറം ലോകം അറിയുന്നത്. മദ്യം കാറിൽ കടത്തവേ വർക്കലക്കടുത്ത് മൂങ്ങോട് വച്ച് എക്‌സൈസ് സംഘം ഇവരെ പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് വൻ മോഷണത്തിന്‍റെ വിവരം വെളിച്ചത്തുകൊണ്ടുവന്നത്.
ഗോഡൗണിന് പിന്നിലെ മരത്തിൽ കയറി ഗോഡൗണിന്‍റെ ഷീറ്റ് പൊളിച്ച് അകത്തു കടന്നാണ് ഇവർ മദ്യം കവർന്നത്. എന്നാൽ 6 മാസം മുൻപാണ് ഗോഡൗണിന്‍റെ ഷീറ്റ് മാറ്റുന്നത്. അന്ന് മുതൽ നടത്തിയ വ്യക്തമായ ഗൂഢാലോചനയിലൂടെയാണ് മോഷണം നടന്നതെന്നാണ് വിവരം. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നിർദേശപ്രകാരം സിഐ രാജേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്ഐ ജ്യോതിഷ്, ജിബി, എ. എസ്. ഐ സലിം, എസ്ഐ ട്രെയിനി ശരത്, സിപിഒമാരായ ലിബിൻ, താജുദീൻ, പ്രജീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.