തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം സ്വദേശി അൻസാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഞായറാഴ്‌ച രാത്രി ഏഴരയോടെയാണ് അന്‍സാരിയെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കേകോട്ടയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാരാണ് അന്‍സാരിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലമായിരുന്നതിനാല്‍ നേരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കാതെ ഇയാളെ സ്റ്റേഷന്‍റെ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തില്‍ ഇരുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെത്തെ ശുചിമുറിയില്‍ കയറിയ ഇയാള്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നേരത്തെയും അൻസാരി പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.