തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിക്ക് പുതിയ നിയമനം. കെടിഡിസി ചെയര്‍മാനായി ശശിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എം വിജയകുമാര്‍ രാജിവെച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശശിയെ നിയമിച്ചത്. പീഡന പരാതിയെ തുടര്‍ന്ന് ഇത്തവണ സിപിഎം ശശിക്ക് സീറ്റ് നല്‍കിയിരുന്നില്ല. പീഡന പരാതിയില്‍ ശശി പാര്‍ട്ടി നടപടിയും നേരിട്ടിരുന്നു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എകെ ബാലന്‍, പികെ ശ്രീമതി കമ്മീഷന്‍ തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു.
ALSO READ:'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉന്നത നേതാക്കൾ'; ഇനി വിവാദത്തിനില്ലെന്ന് സുധാകരൻ
ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശിപാര്‍ശ. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2019 നവംബര്‍ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ പികെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം ശശി ജില്ലാ കമ്മിറ്റിയിലേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നാലെയാണ് കെടിഡിസി ചെയര്‍മാനായുള്ള നിയമനം.