തിരുവനന്തപുരം: ഒന്നര വർഷം മുമ്പുവരെ മണക്കാട് മുക്കോലക്കൽ ദേവീക്ഷേത്രത്തിന്നു സമീപത്തെ " ആശ്വാസ് " എന്ന വീട് ഇങ്ങനെയായിരുന്നില്ല. ഉന്നത ബാങ്ക് ഉദ്യോഗസ്ഥനായ ഗൃഹനാഥൻ, വിദ്യാസമ്പന്നരായ രണ്ട് മക്കൾ അവർക്ക് ജോലി. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിന്ന കുടുംബം ഇങ്ങനെ കുത്തഴിഞ്ഞ തരത്തിലേക്ക് എത്തുന്നത് ജയമോഹൻ തമ്പിയുടെ ഭാര്യയുടെ മരണത്തെ തുടർന്നാണ്. 1982 മുതൽ 1989 വരെ കേരള രഞ്ജി ടീമിൽ അംഗമായിരുന്നു തമ്പി. ഭാര്യ മരിച്ചതോടെ തമ്പി മദ്യത്തിന് അടിമയായി. അതോടെ സമൂഹത്തിൽ ബഹുമാനം ലഭിച്ചിരുന്ന അവസ്ഥയിൽ നിന്ന് സ്ഥിരം പ്രശ്‌നക്കാരനായ മദ്യപാനിയായി മാറി.
ഇതിനിടയിലാണ് മൂത്തമകൻ അശ്വിൻ വിദേശത്ത് നിന്ന് ജോലി നഷ്‌ടപ്പെട്ട് നാട്ടിലെത്തിയത്. ഇതോടെ അശ്വിന്‍റെ മദ്യപാനവും അമിതമായി. അശ്വിന്‍റെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി. ഇളയമകനും വീട് വിട്ട് മാറി താമസിച്ചു. ഇതോടെ അച്‌ഛനും മകനും മദ്യപാനം സജീവമായി തുടർന്നു. നാട്ടിലെ മദ്യപാനികളുടെ കേന്ദ്രമായി വീട് മാറി. മുമ്പും പലവട്ടം ജയമോഹൻ തമ്പിയും അശ്വിനും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. അശ്വിൻ അച്‌ഛന്‍റെ പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തു. അമിത മദ്യപാനം മൂലം ജയമോഹൻ ലിവർ സിറോസിന് ചികിത്സയിലായിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യവിൽപന തുടങ്ങിയ ദിവസം മുതൽ എല്ലാ ദിവസവും ഇവർ മദ്യപിക്കുകയായിരുന്നു. കൊലപാതകം നടന്ന ശനിയാഴ്ചയ്ക്ക് മുമ്പുള്ള നാല് ദിവസമായി ഭക്ഷണം പോലും കഴിക്കാതെയായിരുന്നു അശ്വിന്‍റെ മദ്യപാനം. രണ്ട് ദിവസം അച്‌ഛന്‍റെ മൃതദേഹത്തിനൊപ്പവും അശ്വിൻ മദ്യപിച്ചതായാണ് പൊലീസ് പറയുന്നത്.