തിരുവനന്തപുരം: 1995 മുതല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായിരുന്ന മുൻ എം.എൽ.എ വി.ശിവന്‍കുട്ടി മേയര്‍ കാല സ്മരണകള്‍ പങ്കുവെക്കുന്നു. നഗരപാലികാ നിയമം നിലവില്‍ വന്ന ശേഷം ആദ്യമായി തിരുവനന്തപുരം മേയറായിരുന്ന തന്‍റെ കാലത്താണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിലായത്. അതനുസരിച്ച് ആദ്യമായി ഒരംഗത്തെ അയോഗ്യനാക്കുന്നത് താന്‍ മേയറായിരുന്നപ്പോഴാണെന്ന് വി.ശിവന്‍കുട്ടി പറയുന്നു. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വസം കൊണ്ടു വന്നതിന്‍റെ പേരില്‍ അന്ന് ഡെപ്യൂട്ടിമേയറായിരുന്ന സതീശനെ അയോഗ്യനാക്കി. കൗണ്‍സില്‍ യോഗങ്ങളില്‍ ബഹളമുണ്ടാക്കിയതിന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എം.എ.വാഹിദ് ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതും താന്‍ മേയറായിരുന്നപ്പോഴാണ്.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും അന്ന് കാലാവധി പൂര്‍ത്തിയാക്കാനായത് വികസന പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ നിഷ്‌പ ക്ഷത കൊണ്ടായിരുന്നു. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് യു.ഡി.എഫ് അവിശ്വാസം കൊണ്ടു വന്നപ്പോള്‍ മുസ്ലിം ലീഗ് അതില്‍ പ്രതിഷേധിച്ച് ഒപ്പം നിന്ന് അവിശ്വാസത്തെ പരാജയപ്പെടുത്തി. നഗരപാലിക നിയമത്തിന് ശേഷം കേരളത്തിലെ ഒരു നഗരസഭയിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യ അവിശ്വാസവും അതായിരുന്നു. തലസ്ഥാന നഗരത്തിലെ ചവര്‍ സംസ്ക രണത്തിനു വേണ്ടി വിളപ്പില്‍ശാലയില്‍ ആറ് ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിച്ചെങ്കിലും രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ആ പദ്ധതി അട്ടിമറിക്കപ്പെട്ടത് വേദനായയി നിലനില്‍ക്കുന്നതായും വി.ശിവന്‍കുട്ടി പറഞ്ഞു.
താന്‍ മേയറായിരിക്കെ നടപ്പാക്കിയ "ഗ്രീന്‍സിറ്റി ക്ലീന്‍സിറ്റി" എന്ന മാലിന്യ സംസ്‌കരണ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തത് നന്ദിയോടെ ഓര്‍ക്കുന്നുണ്ട്. ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് തിരുവനന്തപുരം നഗരസഭയിലെ പെരുന്താന്നി വാര്‍ഡില്‍ ആദ്യ മത്സരത്തിനു വരുമ്പോള്‍ വാര്‍ഡ് അപരിചിതമായിരുന്നു. പക്ഷേ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറി എന്ന നിയലയിലുള്ള പ്രവര്‍ത്തന പാടവം തുണയായി. ജനങ്ങള്‍ ഒപ്പം നിന്നു. വിജയിച്ച് മേയറായി. പിന്നീട് നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവം തുടര്‍ച്ചയായി രണ്ടു തവണ വിജയിക്കുന്നതിന് സഹായകമായെന്നും ശിവന്‍കുട്ടി ഇ.ടി.വി ഭാരതിനോടു പറഞ്ഞു.