തിരുവനന്തപുരം: കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.റിജി ജോൺ സുപ്രീംകോടതിയില്‍. നിയമനം റദ്ദാക്കിയതായുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റിജി ജോണ്‍ സുപ്രീകോടതിയെ സമീപിച്ചത്. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതാണെന്നും യുജിസി ചട്ടം ബാധകമല്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്.
നവംബര്‍ 25ന് ഹര്‍ജി കോടതി പരിഗണിക്കും. നവംബര്‍ 14നാണ് റിജി ജോണിന്‍റെ നിയമനം ഹൈക്കോടതി ഡിവിഷൺ ബെഞ്ച് റദ്ദാക്കിയത്. വിസിയുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിലപാട്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. എന്നാല്‍ റിജി ജോണിന് അതില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തുകയായിരുന്നു ഡോ റിജി. അപേക്ഷ നല്‍കിയത് പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സെര്‍ച്ച് കമ്മറ്റി വിസി പദവിയിലേക്ക് ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു.
സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ യോഗ്യത സംബന്ധിച്ചും ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.