ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില തൃപ്‌തികരമെന്ന് എച്ച്സിജി കാന്‍സര്‍ ഹോസ്‌പിറ്റല്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മന്‍ ചാണ്ടിയ്‌ക്ക് ആശുപത്രിയില്‍ നിന്ന് നല്‍കുന്നതെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ ചൊവ്വാഴ്‌ച അറിയിച്ചു.
ആശുപത്രിയില്‍ ഓങ്കോളജിസ്റ്റുകളുടെ ഒരു വിദഗ്‌ധ സംഘം അദ്ദേഹത്തിന് പരിചരണം നല്‍കുന്നുണ്ടെന്നും കൂടാതെ സര്‍ജന്മാര്‍, പത്തോളജിസ്റ്റുകള്‍, ജനിതക വിദഗ്‌ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നീ സംഘങ്ങളുടെ വിദഗ്‌ധ പരിശോധനയും ലഭ്യമാക്കുന്നുണ്ട്. ഞായറാഴ്‌ചയാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റിയത്.
ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ന്യൂമോണിയയ്‌ക്ക് ശമനം വന്നതോടെയാണ് അര്‍ബുദ രോഗത്തിനുള്ള വിദഗ്‌ധ ചികിത്സയ്‌ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയത്. അതിനിടെ ഉമ്മന്‍ ചാണ്ടിയ്‌ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയിരുന്നു.
കുടുംബത്തിനെതിരെ ആരോപണം ഉയര്‍ന്നതോടെ ഉമ്മന്‍ ചാണ്ടി തന്നെ മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ് ബുക്കിലൂടെ ലൈവിലെത്തി ആരോപണം അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തിയിരുന്നു.