തിരുവനന്തപുരം : ഭക്ഷ്യവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ കേരളം പുറകോട്ടെന്ന് ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. 2020-2021ല്‍ 70 പോയന്‍റുമായി രണ്ടാം സ്ഥാനത്തായിരുന്ന കേരളം, സംസ്ഥാന ഭക്ഷ്യസുരക്ഷ സൂചികയില്‍ ഇപ്പോള്‍ 57 പോയന്‍റുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 'ന്യൂജെന്‍' മായം ചേര്‍ക്കലുകള്‍ കണ്ടെത്താനുള്ള സാങ്കേതിക ശേഷി സംസ്ഥാനത്തിനില്ലാത്തതാണ് ഇതിന് കാരണം.
ഭക്ഷണപദാര്‍ഥങ്ങളിലെ രാസ പരിശോധനയ്‌ക്കപ്പുറം ഗുരുതരമായ മായം ചേര്‍ക്കലുകള്‍ ശാസ്ത്രീയമായി കണ്ടെത്താനുള്ള മൈക്രോബയോളജി പരിശോധന സംവിധാനങ്ങളൊന്നും സംസ്ഥാനത്തില്ല. ഈ പോരായ്‌മകള്‍ക്കൊപ്പം ഭക്ഷ്യ വിഷബാധകള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയെന്ന പതിവ് രീതിയാണ് പിന്‍തുടരുന്നത്. നിലവില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മാത്രമാണ് പരിശോധന ലാബുകളുള്ളത്.
എന്നാല്‍, അവയ്‌ക്കൊന്നും എൻഎബിഎൽ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അക്രഡിറ്റേഷന്‍ ഇല്ല. പ്രഖ്യാപിച്ച ഒമ്പത് പുതിയ ലാബുകള്‍ കടലാസില്‍ അവശേഷിക്കുന്നു. പിടിച്ചെടുത്ത സാമ്പിളുകള്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ചാല്‍ മാത്രമേ കോടതികള്‍ സ്വീകരിക്കുകയുള്ളൂ.
സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ പ്രകാരം 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ 75,230 ഭക്ഷ്യസുരക്ഷ പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍, സാമ്പിൾ ശേഖരിച്ചവയാകട്ടെ 11,407ഉം. മുമ്പുള്ള മായം ചേര്‍ക്കലെന്നത് ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും തൂക്കവും അളവും കൂട്ടാന്‍ മണലോ ചരല്‍പ്പൊടിയോ ചേര്‍ക്കലായിരുന്നു. ഇന്ന് മായം ചേര്‍ക്കലുകള്‍ പുത്തന്‍ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്.
അതുകൊണ്ടുതന്നെ ഇവ കണ്ടുപിടിക്കാന്‍ ഉന്നത സാങ്കേതികതയുള്ള ഉപകരണങ്ങളും ലാബുകളും സാങ്കേതിക വിദഗ്‌ധരും ആവശ്യമാണ്. മതിയായ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് പെരുകുകയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ 2,417 സ്ഥാപനങ്ങളില്‍ നിന്നായി 1.13 കോടിയാണ് ലൈസന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കിയത്.
ഭക്ഷ്യസുരക്ഷ സൂചികയില്‍ 82 പോയിന്‍റുമായി തമിഴ്‌നാടാണ് ഒന്നാമത്. കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.