തിരുവനന്തപുരം: രുചി വൈവിധ്യമൊരുക്കി ബ്രാഹ്മണസഭയുടെ ഭക്ഷ്യമേള. ആകര്‍ഷകമായ പേരുകളും രുചിക്കൂട്ടുകളുമായാണ് കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ഇന്നും നാളെയുമായി ഭക്ഷ്യമേള നടക്കുന്നത്. പെൺകുട്ടികൾ ഋതുമതി ആകുമ്പോൾ അന്വേഷിച്ചെത്തുന്ന ബന്ധുക്കൾക്ക് വിതരണം ചെയ്യുന്ന പലഹാരമാണ് തിരണ്ടുകുളിപ്പുട്ട്. മധുരപ്പുട്ടെന്നും ഇതിന് പേരുണ്ട്. ശ്രീകൃഷ്‌ണ ജയന്തിക്ക് തയ്യാറാക്കി വിതരണം ചെയ്യുന്ന പലഹാരമാണ് മധുരച്ചീട. ഇങ്ങനെ ബ്രാഹ്മണ സമൂഹത്തിന്‍റെ ആഹാരവും ആചാരവും ചേർന്ന രുചിരസം അറിയാനുള്ള അവസരം കൂടിയാണ് ഭക്ഷ്യമേള.
ഉഡുപ്പി ബ്രാഹ്മണരുടെ പ്രത്യേകതയാണ് ഈന്തപ്പഴ രസായനം. ഈന്തപ്പഴത്തിനൊപ്പം പാലോ തേങ്ങാപ്പാലോ ചേർത്താണ് ഈ വേനൽക്കാല പാനീയം ഉണ്ടാക്കുന്നത്. മധുരമുള്ളതെങ്കിലും പ്രമേഹരോഗികൾക്കും ഇത് കഴിക്കാമെന്നാണ് ഈ പാനീയം മേളയിലെത്തിച്ച ശശികല പറയുന്നത്. പലതരം പഴവർഗങ്ങൾക്കൊപ്പം ആയുർവേദക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്രൂട്ട് പഞ്ച് ആണ് ശ്രദ്ധേയമായ മറ്റൊരു പാനീയം. കാഴ്‌ചയിൽ ശർക്കരവരട്ടിയെന്ന് തോന്നിപ്പിക്കുന്ന മനോഹരം, ഒക്കാര, നൊയമ്പട, ബിസിബോള ബാത്ത്, കൈമുറുക്ക് തുടങ്ങി വിഭവങ്ങൾ അനവധിയാണ് മേളയിൽ. തുടർച്ചയായി എട്ടാം തവണയാണ് ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഭക്ഷ്യമേളയൊരുക്കുന്നത്.