തിരുവനന്തപുരം : ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം സംസ്ഥാന ജനസംഖ്യയുടെ പകുതിയിലധികം പേർ റേഷൻ വാങ്ങാൻ കടകളിൽ എത്തിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷൻ കടകളുടെ ചരിത്രത്തിൽ ഇത്രയും പേർക്ക് റേഷൻ വിതരണം ചെയുന്നത് ഇതാദ്യമാണ്. സൗജന്യ റേഷനും സർക്കാർ വിതരണം ചെയ്ത സൗജന്യ കിറ്റുകളും വാങ്ങാനാണ് മലയാളികൾ റേഷൻകടകളിൽ അധികമായി എത്തിയത്.
1,27,74,329 പേരാണ് റേഷൻ കടകളിൽ എത്തിയത്. നാല് തവണകളിലായായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിലായാണ് ഇത്രയും ഇടപാടുകൾ നടന്നത്. 97 ശതമാനം പേരും റേഷൻ വാങ്ങിയെന്നാണ് കണക്ക്. ഏപ്രിൽ മാസത്തിൽ അകെ 2,24,294 മെട്രിക് ടൺ അരി വിതരണം ചെയ്തു. സർക്കാരിന്‍റെ സൗജന്യ കിറ്റ് വിതരണം തുടരുന്നതിനാൽ ഇനിയും കാർഡ് ഉടമകൾ റേഷൻ കടയിൽ എത്തും. സംസ്ഥാനത്തെ 87.28 ലക്ഷം റേഷൻ കാർഡുടമകളിൽ 97 ശതമാനം പേർ കൊവിഡ് കാലത്ത് റേഷൻ വാങ്ങിയിട്ടുണ്ട്.