തിരുവനന്തപുരം: കലിതുള്ളി മഴ പെയ്‌തിറങ്ങുമ്പോൾ നിരവധി പ്രതിസന്ധികളാണ് സംസ്ഥാനം നേരിടുന്നത്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തോടൊപ്പം കരയിടിച്ചിൽ രൂക്ഷമായതോടെ ആകെയുള്ള കിടപ്പാടം സംരക്ഷിച്ച് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കുടുംബം. മലയിൻകീഴ് രതീഷ് ഭവനിൽ കൃഷ്‌ണമ്മ മോഹനാണ് വീട് സംരക്ഷിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
ആകെയുള്ള 10 സെന്‍റ് ഭൂമിയിൽ അഞ്ചു സെന്‍റ് ഭൂമി വെള്ളപ്പൊക്കത്തിൽ കര ഇടിഞ്ഞ് ഒലിച്ചു പോയി. ശേഷിക്കുന്ന ഭൂമിയിൽ അപകട ഭീഷണിയിൽ കഴിയുന്ന ഈ ആറംഗ കുടുംബം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. വീണ്ടും ഒരു മഴക്കാലവും വെള്ളപ്പൊക്കവും എത്തിയതോടെ രണ്ട് സെന്‍റ് സ്ഥലം നഷ്‌ടമായെന്ന് ഇവർ പറയുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന നടപ്പാലവും ഇപ്പോൾ അപകടാവസ്ഥയിലാണ്. നീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്‍റെ വശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വീടും തോടും സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന് പഞ്ചായത്ത് അധികൃതർക്കും വില്ലേജ് അധികൃതർക്കും പരാതികൾ നൽകി കാത്തിരിക്കുകയാണ് ഇവർ.