തിരുവനന്തപുരം: പ്രളയദുരിതാശ്വാസ സഹായ ശേഖരണത്തിനായി തിരുവനന്തപുരം കോർപ്പറേഷൻ രണ്ടാമത്തെ കൗണ്ടർ തുറന്നു. തൈക്കാട് വിമൻസ് കോളജിലാണ് പുതിയ കൗണ്ടർ. മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
സഹായ ശേഖരണത്തിനുള്ള ആദ്യ കൗണ്ടർ നഗരസഭാ അങ്കണത്തിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരത്തെ വിവിധ ക്യാമ്പുകളിൽ ദുരിതാശ്വാസ സഹായ ശേഖരണത്തിന് നേതൃത്വം നൽകിയ വിവിധ സംഘടനകളുമായി സഹകരിച്ചാണ് കോർപ്പറേഷൻ വിമൻസ് കോളജ് ക്യാംപസിൽ കൗണ്ടർ തുറന്നത്. ശേഖരിക്കുന്ന സാധനസാമഗ്രികൾ വിവിധ ക്യാമ്പുകളിൽ കൃത്യമായി എത്തിക്കുമെന്നും ഇത് സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങൾ പരിഹരിക്കുമെന്നും മേയർ പറഞ്ഞു. കോർപ്പറേഷന്റെയും സന്നദ്ധസംഘടനകളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.