തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഇന്ന് 8 ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. മഴ കുറഞ്ഞത് ആശ്വാസമാണെങ്കിലും സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് കുറയാത്തത് ആശങ്കയാണ്.
പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് റൂള്‍ കര്‍വിന് അടുത്താണ് ജലനിരപ്പ്. ചെറിയ ഡാമുകളൊഴികെ മറ്റെല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെയും ജലസേചനവകുപ്പിന്‍റെയും അധീനതയിലുളള 37 ഡാമുകളില്‍ 6 ഡാമുകള്‍ ഒഴികെ എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.
പ്രധാന ഡാമുകളിലെ ജലനിരപ്പ്
ഡാം | പരമാവധി ജലനിരപ്പ് | നിലവിലെ ജലനിരപ്പ് | പുറത്തേക്ക് ഒഴുക്കുന്നത് |
ഇടുക്കി | 2409 | 2386.90 | 255.58 |
ഇടമലയാര്‍ | 169 | 164.29 | - |
കക്കി | 981.48 | 978.88 | 71.81 |
ബാണാസുരസാഗര്‍ | 775.80 | 774.35 | 14.12 |
പൊന്‍മുടി | 707.75 | 706.75 | 152.84 |
പമ്പ | 886.330 | 885.20 | 5.24 |
കുണ്ടള | 1758.68 | 1758.30 | 15.00 |
വാളയാര്‍ | 203 | 201.78 | - |
കല്ലട | 115.82 | 110.16 | 26.45 |
നെയ്യാര്‍ | 84.75 | 81.63 | 31.95 |
ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കുന്നതു കൊണ്ട് തന്നെ പ്രധാന നദികളിലെല്ലാം ജല നിരപ്പ് ഉയര്‍ന്ന് തന്നെ തുടരുകയാണ്. പെരിയാര്‍, ചാലിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളിലെല്ലാം അപകടനിലയോട് അടുത്താണ് ജലനിരപ്പ്. സംസ്ഥാനത്തെ ചെറുതും വലുതുമായ 38 നദികളില്‍ 9 നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. 22 നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
പ്രധാന നദികളിലെ ജലനിരപ്പ്
നദി | നിലവിലെ ജലനിരപ്പ്(മീറ്റര്‍) | അപകടകരമായ ജലനിരപ്പ്(മീറ്റര്‍) |
പെരിയാര്‍ | 794.32 | 795.2 |
ചാലക്കുടി | 5.31 | 8.1 |
മീനച്ചല്‍ | 23.695 | 33.8 |
ഭാരതപ്പുഴ | 49.4 | 52.53 |
പമ്പ | 98.78 | 101 |
കണ്ണാടിപ്പുഴ | 61.5 | 64.5 |
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ലെന്നാണ് തീരുമാനം. അതിനാല്‍ തന്നെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡാമുകളുടെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിക്കാനാണ് സാധ്യത.
നദികളിലെ പ്രളയ സമാനമായ സാഹചര്യം മാറാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കടുത്ത ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.