തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ പ്രിൻ്റിങ് സ്ഥാപനങ്ങൾ ഉണർന്നു. സ്ഥാനാർഥികളുടെ പോസ്റ്ററുകളും വലിയ കട്ടൗട്ടുകളുമൊക്കെയായി വൻ തിരക്കിലാണിവർ. വോട്ടുകൾ ഒക്കെ പെട്ടിയിൽ വീഴാൻ സ്ഥാനാർഥിയുടെ മുഖം എല്ലായിടത്തും നിറഞ്ഞു നിൽക്കണം. അതിന് നല്ല കളർഫുൾ ഫ്ലക്‌സുകളും പോസ്റ്ററുകളും നിർബന്ധം. പ്ലാസ്റ്റിക്കിന് കർശന വിലക്ക് ഏർപ്പെടുത്തിയതോടെ പ്രിൻ്റിങ് തുണിയിലേക്ക് മാറി. പ്രകൃതി സൗഹൃദമാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത.
കൊവിഡിനൊപ്പമുള്ള ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പ്രിൻ്റ് ചെയ്‌ത മാസ്‌കുകളാണ് താരങ്ങൾ. ചില പ്രിൻ്റിങ് സ്ഥാപനങ്ങൾ സ്ഥാനാർഥിയുടെ ഫോട്ടോ എടുക്കൽ മുതൽ പ്രിൻ്റിങ് വരെ ഒരു കോംബോ ഓഫറായും നൽകുന്നുണ്ട്. കൊവിഡിനെ തുടർന്ന് തകർച്ചയിലായിരുന്ന പ്രിൻ്റിങ് മേഖലയ്ക്ക് പുനർജീവൻ നൽകുകയാണ് ഈ തെരഞ്ഞെടുപ്പ് കാലം. ലോക്‌ഡൗൺ ഉണ്ടാക്കിയ വൻ നഷ്‌ടത്തിൽ നിന്നും ഒരു പരിധി വരെ കരകയറാം എന്ന പ്രതീക്ഷയിലാണ് പ്രിന്‍റിങ് മേഖലയിലുള്ളവര്‍.