തിരുവനന്തപുരം : ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പിടിയിലായ വെട്ടുതുറ പുതുവയൽപുരയിടം സ്വദേശികളായ സിജിനെയും ജോമോനേയും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. ജനുവരിയിലാണ് ഇരുവരും ജോലിക്കായി ആൻഡമാനിലേക്ക് പോയത്.
തുത്തൂർ സ്വദേശി മരിയ ജെസിൻ ദാസിന്‍റെ ക്ഷണ പ്രകാരമായിരുന്നു ആൻഡമാനിലേക്കുള്ള യാത്ര. ജെസിന്‍ ദാസിന് ഇവിടെ സ്വന്തമായി ബോട്ടുണ്ട്. ഇതില്‍ ജോലി നല്‍കാമെന്ന വാഗ്‌ദാനത്തെ തുടര്‍ന്ന് ജനുവരിയിലാണ് ഇരുവരും നാട്ടില്‍ നിന്ന് പുറപ്പെട്ടത്.
ഇവിടെ എത്തിയ ശേഷം രണ്ട് തവണ കടലിൽ ജോലിക്ക് പോയിരുന്നു. ഈ കാലയളവില്‍ പല തവണ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. മൂന്നാം തവണ കടലിൽ പോയപ്പോള്‍ സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് സിജിനും ജോമോനും ജെസിന്‍ ദാസും ഉള്‍പ്പെട്ട സംഘത്തെ ഇന്തോനേഷ്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അതിനിടെ ബോട്ടുടമ കൂടിയായ ജെസിൻ ദാസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇരുവരുടേയും മോചനത്തിനായി പല അധികൃതരെയും കണ്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.
അനിലയാണ് സിജിന്‍റെ ഭാര്യ, ഇവര്‍ക്ക് രണ്ട് വയസുള്ള മകളുമുണ്ട്. ഫെബ്രുവരി 17നാണ് സിജിൻ അവസാനമായി കുടുംബവുമായി സംസാരിച്ചതെന്ന് അനില പറയുന്നു. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. ജോലി തേടി ആദ്യമായാണ് സിജിൻ നാടുവിട്ട് പോകുന്നത്. കട ബാധ്യതയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചത്.
സിജിൻ അടുത്തിടെ ഒരു വള്ളം വാങ്ങിയിരുന്നു. ജോലി ഇല്ലാതായതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാധ്യത വര്‍ധിച്ചു. ഒടുവിലാണ് ജോലി തേടി ആന്‍ഡമാനിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇരുവരുടേയും മോചനത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.