തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള പ്രതിഷേധം ശക്തമാക്കി നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍. വിവിധ തരത്തിലുള്ള ഉപജീവന പ്രശ്‌നങ്ങളുടെ ഏഴ് പോയിന്റ് ചാർട്ടറുമായായിരുന്നു പ്രതിഷേധം. മൂന്നാം ദിനത്തിലേക്ക് കടന്ന സമരം കനത്ത പ്രതിഷേധത്തിനാണ് വഴിവച്ചത്.
പ്രക്ഷോഭകർ ബാരിക്കേഡുകൾ തകര്‍ത്തതോടെ പ്രതിഷേധം അക്രമാസക്തമായി. കൂടാതെ പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസ് ഉദ്യേഗസ്ഥര്‍ക്കായി സ്ഥാപിച്ചിരുന്ന താത്കാലിക പാര്‍പ്പിടങ്ങളുടെ മേല്‍ക്കൂര പ്രതിഷേധക്കാര്‍ തകര്‍ത്തു. ബാരിക്കേഡുകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും അവ പിടിച്ചുവാങ്ങി തുറമുഖത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുകയും ചെയ്‌തു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ലാറ്റിന്‍ അതിരൂപത : സമാധാനപരമായി സമരം നടത്താന്‍ അനുവദിക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ലാറ്റിന്‍ അതിരൂപതയുടെ വൈദികര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ സമാധാനപരമായി പ്രതിഷേധം നടത്തുക എന്നത് അസാധ്യമാണെന്ന് പെലീസ് പറഞ്ഞു. എന്നാല്‍, പ്രതിഷേധം തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവില്ലെന്നും വൈദികര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന് പൊലീസ് അറിയിച്ചു.
വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പ്രതിഷേധ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നു, പക്ഷേ അവര്‍ സഹകരിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ താൽപര്യത്തിന് എതിരായ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി വി.അബ്‌ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, തങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശത്തെ പ്രതിഷേധക്കാര്‍ എതിര്‍ത്തു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
വിഴിഞ്ഞം ചലോ : ലത്തീൻ അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ വിവിധ തുറമുറഖങ്ങളില്‍ നിന്നും സ്‌ത്രീകളുള്‍പ്പടെയുള്ളവരാണ് 'വിഴിഞ്ഞം ചലോ' മുദ്രാവാക്യവുമായി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നത്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്‌ടമായവരെ പുനഃരധിവസിപ്പിക്കുവാന്‍ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുമായുള്ള ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
കൃത്രിമ കടല്‍ഭിത്തികളുടെ നിര്‍മാണമാണ് തീരദേശ മണ്ണൊലിപ്പിന് കാരണമെന്ന് പ്രതിഷേധക്കാര്‍ ചുണ്ടിക്കാട്ടി. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പൂവാർ, പുതിയ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ കഴിഞ്ഞ ദിവസം(17.08.2022) ബൈക്ക് റാലികള്‍ സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബോട്ടുകളും മീന്‍വലകളുമായി കഴിഞ്ഞ ആഴ്‌ച സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.