തിരുവനന്തപുരം: കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗ മുക്തമായവരുടെ പ്ലാസ്മ വേര്‍തിരിച്ച് രോഗ ബാധിതര്‍ക്ക് നല്‍കി ചികിത്സിച്ച് ഭേദമാക്കുന്നതിനാണിത്. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ ഈ ചികിത്സയിലൂടെ മലപ്പുറത്ത് രോഗമുക്തരായി. രോഗ ബാധിതര്‍ക്ക് പ്ലാസ്മ നല്‍കാന്‍ രോഗമുക്തരായ 22 പേര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി.
ഇതിനകം 50 ലധികം രോഗമുക്തരാണ് പ്ലാസ്മ നല്‍കിയത്. ഇനിയും 200 പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിക്ക് ബാങ്കില്‍ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വീതം വാങ്ങി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കാം. ഈ കാലവര്‍ഷ കാലത്ത് സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു.