തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ഇന്ന് ആശുപത്രി വിടും. മങ്കിപോക്‌സ് ലക്ഷണങ്ങളെല്ലാം ഭേദമായ യുവാവിന്‍റെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് ഡിസ്‌ചാര്‍ജ് ചെയ്യാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്.
എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു സാമ്പിള്‍ കൂടി പരിശോധിച്ച ശേഷം ഡിസ്‌ചാര്‍ജ് ചെയ്‌താല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് ഒരു സാമ്പിള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ഇതിന്‍റെ ഫലം ഇന്ന് ലഭിക്കും. ഇതും നെഗറ്റീവായാല്‍ രോഗിയെ ഇന്ന് തന്നെ ഡിസ്‌ചാര്‍ജ് ചെയ്യുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ജൂലെ 12ന് ഷാര്‍ജയില്‍ നിന്നെത്തിയതാണ് യുവാവ്.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടി. നേരത്തെ വിദേശത്ത് വച്ച് മങ്കിപോക്‌സ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ലക്ഷണം പ്രകടമായപ്പോള്‍ തന്നെ പരിശോധന നടത്തുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.
കൊല്ലം സ്വദേശിയെ കൂടാതെ രണ്ട് പേര്‍കൂടി സംസ്ഥാനത്ത് മങ്കിപോക്‌സ് ബാധിച്ച് ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Also Read ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പകരുമോ ? ; അറിയാം വിദഗ്‌ധരുടെ വിലയിരുത്തലുകള്‍