തിരുവനന്തപുരം: സ്കൂളുകള്‍ നാളെ തുറക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിജയകരമായി നടത്തിയ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ്. അംഗൻവാടി കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 10.30ന് നടക്കും. ഇതിന്റെ പുന:സംപ്രേഷണം ജൂണ്‍ 7 മുതല്‍ 10 വരെ നടത്തും. കിളിക്കൊഞ്ചല്‍ എന്ന പേരിലാണ് അംഗൻവാടി കുട്ടികളുടെ ക്ലാസ്. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 7 മുതല്‍ 11വരെ ആദ്യ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 6 മണിവരെയുമാണ് ക്ലാസുകള്‍. പ്ലസ്ടുവിന് ദിവസവും അഞ്ചു ക്ലാസുകള്‍ ഉണ്ടായിരിക്കും.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ 2 മുതല്‍ 4 വരെ ആയിരിക്കും. ഇതേക്രമത്തില്‍ ഇതേ ക്ലാസുകള്‍ ജൂണ്‍ 7 മുതല്‍ 9 വരെയും ജൂണ്‍ 10 മുതല്‍ 12 വരെയും പുന:സംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെയാണ്. ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10നും രണ്ടാം ക്ലാസുകാര്‍ക്ക് രാവിലെ 11നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30നുമാണ് ക്ലാസുകള്‍. നാലാം ക്ലാസ് (ഉച്ചയ്ക്ക് 1.30ന്), അഞ്ചാം ക്ലാസ് (ഉച്ചയ്ക്ക് ശേഷം 2 ന്), ആറാം ക്ലാസ് ( ഉച്ചയ്ക്ക് ശേഷം 2.30ന്), ഏഴാം ക്ലാസ് (വൈകിട്ട് 3ന്), എട്ടാം ക്ലാസ് (വൈകിട്ട് 3.30ന്) ഒന്‍പതാം ക്ലാസിന് വൈകുന്നേരം 4 മുതല്‍ 5വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും. ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള അവസരം firstbell.kite.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാകും. കൈറ്റ് വിക്ടേഴ്സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേസൈറ്റില് ലഭ്യമാകുമെന്ന് കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.