തിരുവനന്തപുരം: വഴുതക്കാട് ജഗതി റോഡിലെ ഡിപിഐ ജങ്‌ഷനിൽ എംപി അപ്പൻ റോഡിൽ നടന്ന തീപിടിത്തത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്‌ടറോട് ഉത്തരവിട്ട് മന്ത്രി ആന്‍റണി രാജു. കെഎസ്ഐ അക്വേറിയം എന്ന അക്വേറിയം നിർമാണ കേന്ദ്രത്തിലാണ് ഇന്ന് വൈകിട്ട് തീപിടിത്തമുണ്ടായത്. അപകടത്തില്‍ കടയുടെ ഉൾഭാഗം മുഴുവനായും ചുറ്റുപാടുള്ള വീടുകൾ ഭാഗികമായും കത്തി നശിച്ചിരുന്നു.
ഡിപിഐ ജങ്‌ഷനിൽ 30 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കെട്ടിടമാണ് കെഎസ്ഐ അക്വേറിയം. കെട്ടിടത്തിന്‍റെ പുനരുദ്ധാരണ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഗ്ലാസ് ടാങ്കുകൾ, ഗ്ലാസ് ബൗളുകൾ തുടങ്ങി നിരവധി അക്വേറിയവും അനുബന്ധ സാധനങ്ങളം കത്തി നശിച്ചിട്ടുണ്ട്. അതേസമയം നഷ്‌ടം എത്രയാണെന്ന് നിലവില്‍ തിട്ടപ്പെടുത്താൻ കഴിയില്ലെന്നും അനുമതി വാങ്ങിയാണ് കട പ്രവർത്തിച്ചതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും കടയുടമ അജിൽ പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിന്ന തീപിടിത്തത്തിൽ അക്വേറിയം കേന്ദ്രത്തിന് പരിസരത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ലീലാമ്മാൾ എന്നവരുടെ വീടിന്‍റെ പിൻഭാഗം പൂർണമായും കത്തി നശിച്ചു. മാത്രമല്ല വീടിന്‍റെ അകത്ത് സൂക്ഷിച്ചിരുന്ന ആധാരവും വസ്‌ത്രങ്ങളും കത്തി നശിച്ചവയില്‍പ്പെടുന്നു. തീപിടിച്ച കേന്ദ്രത്തിന്‍റെ പരിസരപ്രദേശങ്ങളിൽ നിറയെ പ്ലാസ്‌റ്റിക് ടാര്‍പോളിനുകള്‍ ആയതിനാലാണ് പെട്ടെന്നുതന്നെ പടർന്നു പിടിച്ചത്. കൂടാതെ മരച്ചില്ലകൾ ഉള്ളതിനാൽ തീയണക്കാൻ ഫയർഫോഴ്‌സും ഏറെ പണിപെട്ടു.
ഇതെത്തുടര്‍ന്ന് എയർപോർട്ടിൽ നിന്നുള്ള സ്പെഷ്യൽ യൂണിറ്റ് അടക്കം ഏഴിലധികം യൂണിറ്റുകളാണ് പ്രദേശത്തെത്തിയത്. മന്ത്രി ആന്‍റണി രാജു, കലക്‌ടർ ജെറോമിക് ജോർജ്, വി.കെ പ്രശാന്ത് എംഎൽഎ, നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. തീപിടിത്തമുണ്ടായ ഉടനെ അയൽവാസികളടക്കം രക്ഷപ്രവർത്തനത്തിനിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.