തിരുവനന്തപുരം: 21 ലക്ഷം രൂപ കെ.ടി.ഡി.എഫ്.സിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ് എഴുതിതള്ളാൻ ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി. വിജിലൻസ് സമർപ്പിച്ച രേഖകളിൽ നിന്നും പണം അപഹരണം നടന്നതിനുള്ള തെളിവുകളും സാക്ഷി മൊഴികളും നിലനിൽക്കെ എങ്ങനെയാണ് കേസ് അന്വേഷണത്തിനാവശ്യമായ രേഖകളില്ല എന്ന കാരണത്താൽ കേസ് അവസാനിപ്പിക്കുവാൻ കഴിയുകയെന്നും കോടതി ആരാഞ്ഞു. ഇതുകൊണ്ട് തന്നെ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി വിജിലൻസിന് നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി എം.ബി.സ്‌നേഹലതയുടേതാണ് ഉത്തരവ്.
കെ.ടി.ഡി.എഫ്.സി മുൻ മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്, സാമ്പത്തിക വിഭാഗം മുൻ ചീഫ് മാനേജർ പി.നിർമ്മല ദേവി എന്നിവരാണ് കേസിലെ പ്രതികൾ. കെ.ടി.ഡി.എഫ്.സിയിൽ നിന്നും വായ്‌പകൾ എടുത്തിട്ടുള്ള വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള ചെക്കുകൾ കെ.ടി.ഡി.എഫ്.സിയുടെ മണക്കാടുള്ള ധനലക്ഷ്മി ബാങ്ക് ശാഖയിൽ നിന്നും രണ്ടു പ്രതികളും ചേർന്ന് 21,66,418 രൂപ തട്ടിയെടുത്തു എന്നാണ് വിജിലൻസ് കേസ്.
പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം വിജിലൻസ് പൂജപ്പുര യൂണിറ്റ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ ക്രമക്കേടുകൾ നടന്നു എന്ന് കണ്ടെത്തി. ഇവ രേഖമൂലം തെളിയിക്കുവാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നായിരുന്നു വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. വിജിലൻസ് സമർപ്പിച്ച ഈ റിപ്പോർട്ടാണ് കോടതി തള്ളിയത്.