തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സമെന്‍റ് നടപടി ഗൂഡാലോചനയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രതികാരത്തിന് ഉപയോഗിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സംസ്ഥാന വികസനത്തിന് മുതല്‍ കൂട്ടാകുന്ന കിഫ്ബിയെ ഞെക്കി കൊല്ലാനാണ് നിര്‍മ്മലാ സീതാരാമന്‍ ശ്രമിക്കുന്നത്. ഇതിനായി രാജസ്ഥാനിലെ ബി.ജെ.പി നേതാവായ ഹരിസിംഗ് ഗോദരുയുടെ മകനായ മനീഷ് ഗോദരുയെന്ന ഐ.ആര്‍.എസ് ഉദ്യോഗസ്ഥനെ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥന്‍റെ ട്രാക്ക് റെക്കോര്‍ഡ് തന്നെ ബിജെപിയുടെ എതിരാളികളെ റെയ്‌ഡ് ചെയ്യുക എന്നതാണ്.
വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല കേരളം ഭരിക്കുന്നതെന്ന് ബിജെപി ഓര്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാനും ഉദ്യോഗസ്ഥരുടെ മനോധൈര്യം തകര്‍ക്കാനുമുള്ള ശ്രമം നടക്കില്ല. ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ഭയപ്പെടുത്തേണ്ട. വടക്കേ ഇന്ത്യയിലെ ശൈലി ഇവടെ നടക്കില്ല. മുട്ടാനാണെങ്കില്‍ അതിനും തയ്യാറാണ്. കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യില്‍ വയ്ക്കാന്‍ നിലവിലെ നിയമം അനുസരിച്ച് തടസമില്ല. ഇതു വരെ ജി.എസ്.ടി കൗണ്‍സിലില്‍ ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ വച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇതിനെ താന്‍ എതിര്‍ത്തുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നത് എന്നറിയില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി നിലവില്‍ വന്നാല്‍ സംസ്ഥാനത്തിന്‍റെ വരുമാനം കുറയും. അതുകൊണ്ട് അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടപരിഹാരം തരണമെന്ന നിര്‍ദ്ദേശം മാത്രമാണ് മുന്നോട്ട് വയ്ക്കാനുള്ളതെന്നും ഐസക്ക് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി കുറച്ചാല്‍ സംസ്ഥാനത്തെ നികുതിയും കുറയും. പെട്രോളിന് മൂന്ന് മടങ്ങും ഡീസലിന് ഒമ്പത് മടങ്ങും നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.