തിരുവനന്തപുരം: കേന്ദ്ര ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യം കേന്ദ്രം അംഗീകരിച്ചു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാത്തിനും പൂര്‍ണമായും ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്നും കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു.
Read More....കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം
ഇന്നുചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറച്ചിരുന്നു. കൊവിഡ് മരുന്നുകള്‍, ആശുപത്രി ഉല്‍പ്പന്നങ്ങള്‍, ആംബുലന്‍സ് എന്നിവയിലാണ് നികുതി ഇളവ് വരുത്തുക. ബ്‌ളാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്‍റെ നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ആംബുലന്‍സുകളുടെ നികുതി 12 ശതമാനമായാണ് കുറച്ചത്.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹെപാരിന്‍, റെംഡിസീവര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്‍റിലേറ്റര്‍, വെന്‍റിലേറ്റര്‍ മാസക് എന്നിവയുടെ ജിഎസ്‌ടി 12ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് വാക്‌സിനുള്ള അഞ്ചു ശതമാനം നികുതി തുടരും.