തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധി വിഷയത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിന്‍റെ നിലപാട് തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൊഴിലാളി യൂണിയനുകൾ സമരം ചെയ്‌തതുകൊണ്ടല്ല, സാമ്പത്തിക പ്രശ്‌നമാണ് ശമ്പളം നൽകാത്തതിന് കാരണമെന്ന് മന്ത്രി പറഞ്ഞു.
ശമ്പള വിതരണത്തിന് സർക്കാർ ധനസഹായം അനുവദിക്കുന്നത് പരിഗണനയിലുണ്ട്. എന്നാല്‍ എക്കാലവും സർക്കാരിന് ധനസഹായം അനുവദിക്കാനാകില്ലെന്നും മന്ത്രി ആവർത്തിച്ചു. സാഹചര്യം മനസിലാക്കാതെ യൂണിയനുകൾ സമരം ചെയ്‌തതുകൊണ്ടാണ് ശമ്പളം നൽകാത്തതെന്ന് നേരത്തെ മന്ത്രി ആന്‍റണി രാജു പ്രതികരിച്ചിരുന്നു.
സർക്കാരിന്‍റെ ഉറപ്പ് വിശ്വസിക്കാത്ത യൂണിയനുകളുടെ അജണ്ട വേറെയാണെന്നും, യൂണിയനുകൾ തൊഴിലാളികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും ഗതാഗതമന്ത്രി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് കെഎസ്‌ആര്‍ടിസി വിഷയത്തില്‍ ധനമന്ത്രിയുടെ പ്രതികരണം.
അതേസമയം ജീവനക്കാർക്ക് ഇന്ന്(മേയ് 20) മുതൽ ശമ്പളവിതരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്. സർക്കാർ അധികമായി അനുവദിക്കുന്ന 30 കോടി രൂപ ഇന്ന് ലഭിക്കുമെന്നാണ് മാനേജ്മെൻറിന്‍റെ കണക്ക് കൂട്ടൽ.
നേരത്തെ അനുവദിച്ച 30 കോടി കെഎസ്ആർടിസി അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. മൊത്തമായി 85 കോടി രൂപയാണ് ശമ്പളം നൽകാൻ ആവശ്യം. ബാക്കി തുക ബാങ്ക് ഓവർ ഡ്രാഫ്‌റ്റ് എടുക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.