തിരുവനന്തപുരം: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍31 വരെ പേരു ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഡിസംബര്‍ 31വരെ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. എന്നാല്‍ 31 കഴിഞ്ഞും വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാനവസരമുണ്ട്. അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള സപ്ലിമെന്‍ററി വോട്ടര്‍പട്ടിക സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് 10 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കും.
അതിനാല്‍ ഡിസംബര്‍ 31 കഴിഞ്ഞും പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്ന് ടീക്കാറാം മീണ അഭ്യര്‍ഥിച്ചു. രണ്ടു ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളുമായും സംസ്ഥാന സര്‍ക്കാരുമായും ആലോചിച്ച ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. 2021 മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷ. 1,000 വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്‌റ്റേഷന്‍ എന്ന നിലയില്‍ ക്രമീകരിക്കും.
ഇതിനായി 15,000 പോളിംഗ് സ്‌റ്റേഷനുകള്‍ അധികമായി ക്രമീകരിക്കും. ഇരട്ട വോട്ടുകള്‍ കണ്ടെത്തി ശ്രദ്ധയില്‍ പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഇപ്പോള്‍ പരിശോധിച്ച് അതിന്‍റെ സുതാര്യത ഉറപ്പു വരുത്തുകയാണെന്നും ഇത്തരം കേന്ദ്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അയച്ച് അവര്‍ക്ക് സംശയ നിവാരണം വരുത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.