തിരുവനന്തപുരം : വലിയ വേളി സൗത്ത് തുമ്പയിലാണ് ഏറ്റവുമധികം കടലാക്രമണം മൂലമുള്ള നാശനഷ്‌ടമുള്ളത്. നാലു ദിവസമായി ശക്തമായ തിരയിൽ നിരവധി തെങ്ങുകളും പുരയിടങ്ങളും കടലെടുത്തു. വെള്ളിയാഴ്ച മുതലാണ് ഇവിടെ ശക്തമായ കടലാക്രമണം ആരംഭിച്ചത്. അഞ്ചു മീറ്റർ കൂടി കടൽ കയറിയാൽ നാലോളം വീടുകൾ ഇനിയും തകരാവുന്ന സ്ഥിതിയിലാണ്. ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരിടപെടലും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വേലിയേറ്റ സമയം ഭീതിയോടെയാണ് തീരത്തുള്ളവർ കഴിയുന്നത്. ഇതാദ്യമായാണ് വലിയ വേളിയിൽ കടലാക്രമണം ഉണ്ടാകുന്നത്. ഇവിടെ കടൽ ഭിത്തി ഇല്ല. മണൽ ചാക്കുകൾ അടുക്കി കടലാക്രമണം തടയാനുള്ള ശ്രമം നടത്തി. എന്നാൽ അതും പരാജയപ്പെട്ട നിലയിലാണ്. തിരുവനന്തപുരം നഗരസഭ ഇടപെട്ട് ചാക്കുകളിൽ മണൽ നിറച്ച് കടലാക്രമണം തടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ സമീപത്തുള്ള ക്ലേ ഫാക്ടറിയിൽ നിന്ന് മണൽ ശേഖരിച്ച് ചാക്കുകളിൽ നിറച്ച് തീരത്ത് അടുക്കുന്നുണ്ടെങ്കിലും അത് ശാശ്വതമല്ലെന്ന് അവർ പറയുന്നു.