തിരുവനന്തപുരം : കേരളത്തില്‍ ഇന്നലെ ഏഴ് പേര്‍ പനി ബാധിച്ച് മരിച്ചു. എച്ച്1 എന്‍1 ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് പേരും എലിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചു. മൂന്ന് പേര്‍ മരിച്ചത് ഡെങ്കിപ്പനി കാരണമെന്ന് സംശയം.
ഇതിന് പുറമെ 56 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ആകെ 10,594 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തിയത്. ഇന്നലെ രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 1,029, കൊല്ലം 656, പത്തനംതിട്ട 321, ആലപ്പുഴ 550, കോട്ടയം 529, ഇടുക്കി 305, എറണാകുളം 925, തൃശൂര്‍ 663, പാലക്കാട് 833, മലപ്പുറം 1172, കോഴിക്കോട് 1254, വയനാട് 556, കണ്ണൂര്‍ 799, കാസര്‍കോട് 466 എന്നിങ്ങനെയാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
നിലവില്‍ ചികിത്സയിലുള്ള 342 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. കൊല്ലം 12, ആലപ്പുഴ 1, കോട്ടയം 3, എറണാകുളം 9, പാലക്കാട് 2, മലപ്പുറം 16, കോഴിക്കോട് 3, കണ്ണൂര്‍ 1, എന്നിങ്ങനെയാണ് ഇന്നലത്തെ ഡെങ്കിപ്പനി ബാധിതരുടെ കണക്ക്. ഒരാഴ്‌ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് 90,000 പേര്‍ക്കാണ്. ചിക്കന്‍പോക്‌സും വ്യാപിക്കുകയാണ്.
54 പേര്‍ക്കാണ് ഇന്നലെ മാത്രം ചിക്കന്‍ പോക്‌സ് സ്ഥിതീകരിച്ചത്. ജൂണ്‍ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000 ന് മുകളിലെത്തുമ്പോള്‍ എച്ച്1 എന്‍1 എന്ന കോളം കണക്കുകളില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരാഴ്‌ചയ്ക്കിടെ എച്ച് 1 എന്‍ 1 വ്യാപനം കുത്തനെ കൂടി. 51 പേര്‍ക്കാണ് എച്ച് 1 എന്‍ 1 ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നത്.
'അടുത്ത രണ്ടാഴ്‌ച നിര്‍ണായകം' : സംസ്ഥാനത്ത് കാലവര്‍ഷം കൂടി ശക്തമായതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരുന്ന രണ്ടാഴ്‌ച നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജാഗ്രത നിര്‍ദേശങ്ങൾ
- മഴക്കെടുതികളെ തുടര്‍ന്ന് തുറക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
- ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ഉറപ്പാക്കണം.
- ക്യാമ്പുകളില്‍ ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പിഎച്ച്സി/ എഫ്എച്ച്സി/ സിഎച്ച്സിയിലുള്ള എച്ച്ഐ/ജെഎച്ച്ഐ തലത്തിലുള്ള ഒരാള്‍ക്ക് ചുമതല നല്‍കണം. അവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം.
- വെള്ളം കയറുന്ന ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം.
- മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും നിര്‍ദേശം.
- ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കണം. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം.
- ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം.
- ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം.
- കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.
- വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
- ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം.
- മഴവെള്ളം കലര്‍ന്ന കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം.
- മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്.
- കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കൈയ്യില്‍ കരുതണം.
- ക്യാമ്പുകളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണം.
- ആംബുലന്‍സ് സേവനം ഉറപ്പാക്കണം.
- മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
- ഇന്‍ഫ്ളുവന്‍സ പടരാതിരിക്കാന്‍ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ മാസ്‌ക് ധരിക്കുക.
- കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ട്രാന്‍സ്പ്ലാന്‍റ് ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം
- എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്.
- ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
- ക്യാമ്പിലുള്ള എല്ലാവര്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്