തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയില്‍ സംവിധായകന്‍ ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി സിനിമാസ്വാദകര്‍ (Filmgoers stand in Solidarity With Jio Baby At 28th IFFK). ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിലാണ് ആരാധകര്‍ ജിയോ ബേബിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എൽജിബിടിക്യു (LGBTQ) വ്യക്തികളെ കുറിച്ച് സിനിമയെടുത്തതിന്‍റെ പേരിലാണ് കോഴിക്കോട് ഫറൂഖ് കോളജിൽ നിന്നും ജിയോ ബേബി അവഗണന നേരിടേണ്ടി വന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ടാഗോര്‍ തിയേറ്ററിന് മുന്നില്‍ ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സിനിമ പ്രേമികളുടെ പ്രതിഷേധം. തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതിഷേധം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജിൽ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സംവിധായകൻ ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ജിയോ ബേബി കോഴിക്കോട് എത്തിയ ശേഷമാണ് കോളേജ് അധികൃതർ പരിപാടി റദ്ദാക്കിയ വിവരം സംവിധായകനെ അറിയിക്കുന്നത്. തുടർന്ന് താൻ അപമാനിതനായെന്ന് ജിയോ ബേബി തന്‍റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലും ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി പരസ്യ പ്രതിഷേധം.
Also Read : ജിയോ ബേബിക്ക് ഐക്യം പ്രഖ്യാപിച്ച് മന്ത്രി ആര്‍ ബിന്ദു; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തീരുമാനം