തിരുവനന്തപുരം: കൃഷിക്കും കാർഷിക മേഖലയ്ക്കും മികച്ച പരിഗണന നൽകി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അഞ്ചു വർഷം കൊണ്ട് കർഷകരുടെ വരുമാനം 50 ശതമാനമായി ഉയർത്തും. ഇതിനായി അഗ്രോ പ്രോസസിങ്ങും മൂല്യവർധനവും വിപണനവും നടത്തും. ചെറുകിട ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ സ്ഥാപിക്കും. എല്ലാ കൃഷിഭവനുകളും സ്മാർട്ട് കൃഷിഭവനുകളാക്കും. കേരള കാർഷിക സർവകലാശാലയിൽ നിന്നും അനുബന്ധ മേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞൻമാരുടെ ഗവേഷണ ഫലങ്ങൾ വിളകളുടെ ഉൽപാദനശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. നടീൽ വസ്തുക്കളുടെ ഉത്പാദനം വർധിപ്പിച്ച് ഓൺലൈൻ പോർട്ടൽ മുഖാന്തരം വിതരണം ചെയ്യും. കർഷകർക്ക് ഗുണമേന്മ ഉറപ്പുള്ള വിത്തിനങ്ങൾ ഉറപ്പുവരുത്തുന്നതിന് പുതിയ നഴ്‌സറി സംവിധാനങ്ങൾ ഒരുക്കും. വിളകളുടെ അടിസ്ഥാനവില ഓരോ വർഷവും വർധിപ്പിക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു.
നെൽകൃഷി വർധിപ്പിക്കുന്നതിന് ബ്ലോക്ക് തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. നഗര കൃഷിയുടെ സാധ്യത പരിശോധിക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു. 24 മണിക്കൂർ മൃഗസംരക്ഷണ സേവനങ്ങൾ 77 താലൂക്കിലേക്കും വ്യാപിപ്പിക്കും. ദേശീയ കന്നുകാലി ദൗത്യത്തിന് കീഴിൽ തിരുവനന്തപുരത്ത് ആടുകൾക്ക് ഒരു പുതിയ കേന്ദ്രം സജ്ജമാക്കും. പരമാവധി പാലുത്പാദനവും പ്രത്യുൽപാദനശേഷിയും ഉറപ്പാക്കാൻ കന്നുകുട്ടി പരിപാലന പദ്ധതി വികസിപ്പിക്കും.
മൃഗസംരക്ഷണമേഖലയിൽ ക്ഷീരവികസന മേഖലയിലും തൊഴിലവസരങ്ങൾ അൻപത് ശതമാനം വർധിപ്പിക്കും. വെറ്റിJനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് അനുവദിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
READ MORE: കൊവിഡ് വാക്‌സിൻ സൗജന്യം, മൂന്ന് കോടി ഡോസിന് ആഗോള ടെണ്ടറെന്നും നയപ്രഖ്യാപനം