തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം നിയമസഭയിൽ. രാസവള വില വർധനവ് തടയാൻ സർക്കാർ സബ്‌സിഡി നൽകാത്തത് എന്തുകൊണ്ടെന്നും പ്രതിപക്ഷം ചോദ്യമുന്നയിച്ചു. സംസ്ഥാനത്തെ കർഷകരുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ടി സിദ്ദിഖ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. കേന്ദ്ര - സംസ്ഥാന നയങ്ങളിൽ കർഷകർ തീരാ ദുരിതത്തിലായെന്നും 2016 മുതൽ ആത്മഹത്യ ചെയ്‌തത് 29 കർഷകരാണെന്നും ടി.സിദ്ദിഖ് ചൂണ്ടിക്കാട്ടി.
എന്നാൽ, കാർഷിക മേഖലയിൽ പ്രതിസന്ധിയില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. രാസവള വില വർധിപ്പിച്ച കേന്ദ്രനയത്തിനെതിരെ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം വാക്ക് ഔട്ടിൽ നിന്നും പിന്മാറി.