തിരുവനന്തപുരം: ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത തിരുവല്ലം സ്വദേശി ഷഹാനയുടെ(23) കുടുംബം നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ(Shahana's Family Starts Protest In Front Of Secretariat For Justice). മകൾ ആത്മഹത്യ ചെയ്‌ത രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ലെന്നും ഭർത്താവും കുടുംബവും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും ആരോപിച്ചാണ് ഷഹാനയുടെ കുടുംബം സെക്രട്ടറിയേറ്റ് മുന്നിൽ സത്യാഗ്രഹ സമരത്തിന് എത്തിയത്.
ഷഹാനയുടെ ഭർത്താവ് നൗഫലും മാതവുമാണ് ആത്മഹത്യക്ക് പിന്നിൽ. പ്രതികളെ പോലീസ് മനപ്പൂർവം ഒളിപ്പിച്ചിരിക്കുകയാണ്. മകൾക്ക് നീതി കിട്ടും വരെ പോരാടുമെന്നും മാതാവ് ഇ ടി വി ഭാരതിനോട് പറഞ്ഞു. പ്രതികളെ രക്ഷപെടാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സി പി ഒ നവാസിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
ഡിസംബര്‍ 26 നായിരുന്നു ഷഹനയെ തിരുവല്ലം വണ്ടിത്തടത്തെ വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. 2020 ലായിരുന്നു നൗഫലും ഷഹനയും വിവാഹിതരായത്. ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹമെങ്കിലും ഷഹാനയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്‍റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും ഭര്‍ത്താവ് നൗഫല്‍ ഇത് തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.
ഭർതൃ മാതാവിന്‍റെ പീഡനം കാരണം പിന്നീട് ഷഹന സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് നൗഫലിന്‍റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് കുഞ്ഞുമായി പോവുകയും ഷഹന വീട്ടിൽ ആത്മഹത്യ ചെയുകയുമായിരുന്നു.