തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വ്യാജ രസീതും സീലും ഉണ്ടാക്കി ആർ ടി ഓഫീസിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് എഐടിയുസി. ഉന്നതരുടെ ഇടപെടൽ മൂലമാണ് കേസെടുത്ത് ഒരു മാസമായിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്തതെന്ന് എഐടിയുസി ആരോപിക്കുന്നു.
തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം അടച്ച രസീത് ഹാജരാക്കിയാൽ മാത്രമേ ആർ ടി ഓഫീസിൽ വാഹന നികുതി അടയ്ക്കാനാവൂ. ഓൺലൈൻ ബാങ്കിങ് വഴി ക്ഷേമനിധി വിഹിതം ഒടുക്കിയതിന്‍റെ രസീതിൽ സംശയം തോന്നിയ ജില്ലാ ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടിവ് ഓഫീസറാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ വ്യാജ സീൽ പതിപ്പിച്ച നാല് രസീതുകൾ കണ്ടെത്തി. വിഷയം ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസിൽ പരാതി നൽകി കേസെടുത്തെങ്കിലും അന്വേഷണം നടന്നിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കാൻ ഉന്നത ഇടപെടലുള്ളതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ആരോപിച്ചു.
വ്യാജരേഖാ നിർമ്മാണത്തിൽ വൻ ലോബി പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും എഐടിയുസി നേതൃത്വം ആവശ്യപ്പെട്ടു.