പത്തനംതിട്ട/തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി കൂട്ടിച്ചേർത്തു. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ യൂണിവേഴ്‌സിറ്റി.
ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ 2017-20 ബി.കോം വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ നിഖിൽ തോമസ് ഡിഗ്രി തോൽക്കുകയും ശേഷം 2021ൽ അതേ കോളജിൽ എം.കോമിന് അഡ്‌മിഷൻ നേടുകയും ചെയ്യുകയായിരുന്നു. 2019 ൽ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്‍റെ വാദം. ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടാണ് പിജിക്ക് അഡ്‌മിഷൻ നേടിയതും.
2017 മുതൽ 2020 വരെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്നും ഫസ്‌റ്റ് ക്ലാസ് എന്നുമാണ് നിഖിൽ തോമസ് കോളജിൽ നൽകിയ രേഖ. യുജിസി അംഗീകാരമുള്ളതിനാല്‍ തന്നെ കലിംഗ സർവകലാശാലയുടെ ബി.കോം ബിരുദം കേരള സർവകലാശാലയില്‍ അംഗീകരിക്കുകയും ചെയ്‌തു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം തകർന്നു: കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം തകർന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.
കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാരെന്നും മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഖില്‍ തോമസ് സര്‍വകലാശാലയില്‍ പഠിച്ചിരുന്നു: നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളജിൽ പഠിച്ചിരുന്നുവെന്നറിയിച്ച് കേരള സർവകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലും രംഗത്തെത്തിയിരുന്നു. നിഖില്‍ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിഖിലിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജര്‍ക്ക് വീഴ്‌ച പറ്റി: നിഖില്‍ തോമസിന് പ്രവേശനം നല്‍കിയതില്‍ മാനേജര്‍ക്ക് വീഴ്‌ച പറ്റിയെന്ന് കോളജ് ട്രസ്‌റ്റ് ജോയിന്‍റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
രേഖകൾ ഒറിജിനൽ എന്ന് എസ്എഫ്ഐ: നിഖിലിന്‍റെ രേഖകൾ ഒറിജിനലെന്ന് വ്യക്തമാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിഖിൽ തോമസ് ഹാജരാക്കിയ എല്ലാ രേഖകളും ഒറിജിനലാണെന്നും കലിംഗയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണെന്നും ആർഷോ അറിയിച്ചു. നിഖിലിന്‍റേത് വ്യാജ ഡിഗ്രി അല്ലെന്നും പിജി അഡ്‌മിഷനിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആർഷോയുടെ പ്രതികരണം.
മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും: നിഖില്‍ തോമസിന്‍റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാദവുമായി വിവിധ വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവര്‍ണര്‍ക്ക് ഉള്‍പ്പടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ എംഎസ്എം കോളജ് അന്വേഷണ കമ്മിഷനെ നിയമിച്ചതായും പ്രിന്‍സിപ്പാള്‍ മുഹമ്മദ് താഹ അറിയിച്ചു. ഈ അഞ്ചംഗ കമ്മിഷനില്‍ കോളജിലെ മൂന്ന് അധ്യാപകരും കോളജ് സൂപ്രണ്ടും ഒരു ലീഗല്‍ അഡ്‌വൈസറുമാണ് അംഗങ്ങള്‍.
കോളജിനെ ബാധിച്ച വിവാദത്തില്‍ നിജസ്ഥിതി അറിയാന്‍ കേരള സര്‍വകലാശാലയ്ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിഖില്‍ തോമസ് പ്രവേശനം നേടുന്നത് യൂണിവേഴ്‌സിറ്റി വഴി അപേക്ഷിച്ചാണ്. വരുന്ന വിദ്യാര്‍ഥി പ്രവേശനത്തിന് യോഗ്യരാണോയെന്നാണ് നോക്കുന്നത്. മാനദണ്ഡങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നല്‍കിയതെന്നും കൊവിഡ് കാലത്താണ് പ്രവേശനം നേടിയതെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആ സമയത്ത് സംശയം തോന്നിയിരുന്നില്ലെന്നും ഏറ്റവും അവസാനമാണ് നിഖില്‍ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.