തിരുവനന്തപുരം : തൊഴിലില്ലാത്ത സ്‌ത്രീകൾക്ക് സബ്‌സിഡി നൽകാനുള്ള കോർപറേഷന്‍റെ പദ്ധതിയിൽ 5.6 കോടി രൂപയുടെ തട്ടിപ്പ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് 5.6 കോടി രൂപ വെട്ടിച്ചതായി സൂചിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ യുക്തരായ ഏജൻസിയുടെ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
2020-22 കാലയളവിൽ വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടിയതായാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ചുമതലക്കാരായ ഇൻഡസ്‌ട്രിയൽ എക്‌സ്‌റ്റൻഷണൽ ഓഫിസറും സംഘവും വെട്ടിപ്പ് നടത്തിയതായി പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൊതു - പട്ടികജാതി വിഭാഗങ്ങളിലെ സ്‌ത്രീകളുടെ സംഘങ്ങൾക്ക് (ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകൾ) ചെറുകിട സംരംഭങ്ങൾ തുടങ്ങാനായി നൽകുന്ന മൂന്ന് ലക്ഷം രൂപ വീതമാണ് നൽകുന്നത്.
ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് എടുത്ത വായ്‌പകൾ തിരിച്ചടവ് പൂർത്തിയാകുമ്പോഴേക്കും മൂന്നുലക്ഷം രൂപ സബ്‌സിഡിയായി നഗരസഭ നൽകുക. ബിസിനസ് സംരംഭങ്ങൾക്ക് വായ്‌പ നൽകാൻ സർവീസ് സഹകരണ സംഘങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ സർവീസ് സഹകരണ ബാങ്കുകളിൽ വ്യാജ അക്കൗണ്ട് തുറന്ന് രണ്ട് വർഷങ്ങളിൽ സബ്‌സിഡി നൽകിയത് 215 സംഘങ്ങൾക്കായിരുന്നു. ഇതിൽ 10 എണ്ണമായിരുന്നു ദേശസാൽകൃത ഷെഡ്യൂൾ ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തത്.
ബാക്കി 205 സംഘങ്ങളും വ്യാജമായിരുന്നു. ഇവരുടെ പേരിൽ സർവീസ് സഹകരണ ബാങ്കുകളിൽ തുറന്ന അക്കൗണ്ടുകളിൽ നിക്ഷേപിച്ച സബ്‌സിഡി തുകകൾ സിന്ധു എന്ന പ്രൊപ്രൈറ്ററുടെ പേരിലുള്ള തയ്യൽ മെഷീൻ വിതരണ സ്ഥാപനമായ അശ്വതി സപ്ലയേഴ്‌സിന്‍റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
2020-21 കാലയളവിൽ 4.35 കോടി രൂപയും 2021-22 ൽ 90 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ അശ്വതി സപ്ലയേഴ്‌സിന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കായി മാറ്റിയത്. വാർഡ് കമ്മിറ്റിയിൽ കോർപറേഷൻ കൗൺസിലിന്‍റെ അംഗീകാരത്തോടെയാണ് ഉപഭോക്തൃ സംഘങ്ങളെ കണ്ടെത്തിയിരുന്നത്. എന്നാൽ 2021-22 അംഗീകൃത ലിസ്റ്റിൽ ഒരു പട്ടികജാതി ഗ്രൂപ്പ് പോലും ഇല്ലായിരുന്നു.
അതേസമയം ഇതേ കാലയളവിൽ 25 പട്ടികജാതി ഗ്രൂപ്പുകൾക്കും 38 ജനറൽ ഗ്രൂപ്പുകൾക്കും സബ്‌സിഡി അനുവദിച്ചതായാണ് രേഖ. ഇതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ വിവരം തിരിച്ചറിയുന്നത്.
തയ്യൽ മെഷീൻ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഇൻവോയ്‌സുകൾ സംഘങ്ങളുടേതായി കാണിച്ചായിരുന്നു സബ്‌സിഡി തുക വെട്ടിച്ചത്. അതേസമയം ഇൻവോയ്‌സിൽ പറയുന്ന സാധനങ്ങളുടെ വിതരണത്തിന് ജിഎസ്‌ടിയുടെ അംഗീകാരം ഇല്ലാത്ത സ്ഥാപനമാണ് അശ്വതി സപ്ലയേഴ്‌സ് എന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പട്ടികജാതി ഗുണഭോക്താക്കൾ എന്ന് തെളിയിക്കാനായി സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടിലുണ്ട്.