തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എമ്മിന്‍റെ ഇടത് മുന്നണി പ്രവേശനം സാധ്യമാകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ജോസ് കെ മാണി. എകെജി സെന്‍ററിൽ സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
ഘടകകക്ഷിയായി തന്നെ എൽഡിഎഫിൽ എത്തുമെന്നും ഇത് സംബന്ധിച്ച് ഇടത് നേതാക്കളുമായി ആശയവിനിമയം തുടരുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐയുമായും ഇക്കാര്യം ചർച്ച ചെയ്‌തു. സിപിഐയുടെ സമീപനവും അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ള മറ്റു കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി കൂട്ടിചേർത്തു.