തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് നാള്‍ മാത്രം ശേഷിക്കേ ഇനി വരാനിരിക്കുന്നത് തീപാറുന്ന പ്രചാരണ ദിനങ്ങൾ. ആരോപണ പ്രത്യാരോപണങ്ങൾ നിറയുമ്പോൾ പ്രചാരണത്തിന്‍റെ കലാശക്കൊട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ രണ്ടിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിനും കേരളത്തിലെത്തും. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ മാത്രം പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും മൂന്നിന് തിരുവനന്തപുരത്തെത്തും. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ അക്കമിട്ട് മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍.ഡി.എഫിന്‍റെ താര പ്രചാരകന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനായതിന്‍റെ ആത്മ വിശ്വാസം, കൃത്യമായ ക്ഷേമ പെന്‍ഷന്‍, ക്ഷേമ പെന്‍ഷനിലെ വര്‍ധന, കൊവിഡ് കാലത്തു തുടക്കമിട്ട സൗജന്യ ഭക്ഷ്യ കിറ്റ്, വികസനത്തിനു കുതിപ്പേകിയ കിഫ്ബി എന്നിവയിലൂന്നിയാണ് എല്‍.ഡി.എഫ് പ്രചാരണം. 2020 ഡിസംബറില്‍ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇതു മുന്നോട്ടു വച്ച് മുന്നേറ്റമുണ്ടാക്കാനായത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ആത്മ വിശ്വാസവുമുണ്ട്. കോണ്‍ഗ്രസ്-ബിജെപി രഹസ്യ ബാന്ധവം എന്ന ആരോപണവും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കാലുമാറ്റവും എല്‍.ഡി.എഫ് ചര്‍ച്ചയാക്കുന്നു. വിവാദങ്ങളെ വികസന നേട്ടങ്ങളിലൂടെ പ്രതിരോധിക്കുന്ന പോസിറ്റീവ് പൊളിറ്റിക്‌സ് തന്നെയാണ് പ്രചാരണ രംഗത്ത് എല്‍.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്. അതേ സമയം ശബരിമലയുടെ കാര്യത്തില്‍ തന്ത്രപരമായ മൗനം പാലിക്കാനാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നത്.
ഡോ.ശശി തരൂരിന്‍റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം സഞ്ചരിച്ച് തയ്യാറാക്കിയ ജനകീയ മാനിഫെസ്റ്റോയെ മുന്‍ നിര്‍ത്തി തന്നെയാണ് യു.ഡി.എഫ് പ്രചാരണം. പ്രതിമാസം 6000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കെത്തിക്കുന്ന ന്യായ് പദ്ധതിയാണ് പ്രചാരണത്തിലെയും ഹൈലൈറ്റ്സ്. ഒപ്പം വനിതകള്‍ക്കും ഉദ്യോഗാര്‍ഥികളായ അമ്മമാര്‍ക്കും പി.എസ്.സി പരീക്ഷയെഴുതുന്ന യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വന്‍തോതില്‍ തുണയ്ക്കുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്. ശബരിമല ആചാര സംരക്ഷണത്തിനു പ്രത്യേക നിയമം എന്ന വാഗ്ദാനത്തിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണ്. ഒപ്പം പിന്‍വാതില്‍ നിയമന വിവാദം, പി.എസ്.സി ഉദ്യോഗാര്‍ഥികളോടുള്ള അവഗണന, ആഴക്കടല്‍ മത്സ്യബന്ധന വിവാദം, സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി അഴിമതി ആരോപണം ഇതെല്ലാം ഉയര്‍ത്തിയാണ് യു.ഡി.എഫ് പ്രചാരണ രംഗത്ത് കളം പിടിക്കുന്നത്. ഏറ്റവും ഒടുവിലുയര്‍ന്ന ഇരട്ട വോട്ട് ആരോപണം പോലും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 3,16,671 ഇരട്ട വോട്ടുകള്‍ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ രംഗത്തു വന്നെങ്കിലും മുഴുവന്‍ കണക്കുകളും വ്യാഴാഴ്ച പുറത്തു വിടുമെന്ന വെല്ലുവിളി പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കഴിഞ്ഞു. പതിവിനു വിപരീതമായി മെഗാ റാലികളും പൊതു സമ്മേളനങ്ങളും ഒഴിവാക്കി ജില്ലകളില്‍ കൂടുതല്‍ കവല യോഗങ്ങള്‍ സംഘടിപ്പിച്ചാണ് പ്രിയങ്കയെയും രാഹുലിനെയും കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കിയതെന്നതും ശ്രദ്ധേയമാണ്. ഇരു നേതാക്കളും പ്രകടന പത്രിക വിശദീകരിക്കാന്‍ കൂടുതല്‍ സമയമെടുത്തതു തന്നെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നതിന്‍റെ തെളിവാണ്.
ദേശീയ രംഗത്തെ താര പ്രചാരകരെ ഇറക്കി ഇളക്കി മറിച്ചുള്ള റോഡ് ഷോകളാണ് ബി.ജെ.പിയുടെ പ്രചാരണ രംഗത്തെ തുറുപ്പു ചീട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, പ്രകാശ് ജാവ്‌ദേക്കര്‍, പ്രഹ്ലാദ് ജോഷി തുടങ്ങിയവരാണ് കേരളത്തിലെ താര പ്രചാരകര്‍. ഏതാനും മുഖ്യമന്ത്രിമാരെ രംഗത്തിറക്കാനും ആലോചനയുണ്ട്. ശബരിമല ആചാര സംരക്ഷണ വിഷയം തന്നെയാണ് ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയം. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം എന്നതാണ് മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ എണ്ണിപ്പറയുന്ന ബി.ജെ.പി കേരളത്തെ വികസനത്തില്‍ നമ്പര്‍ വണ്‍ ആക്കുമെന്ന വാഗ്ദാനവും മുന്നോട്ടു വയ്ക്കുന്നു. മൂന്ന് മുന്നണികളുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അവസാന നിമിഷത്തെ മുന്നണികളുടെ പൂഴിക്കടകനില്‍ ഇപ്പോഴും സസ്‌പെന്‍സ് ആണ്.