തിരുവനന്തപുരം : ദേവസ്വം-പട്ടിക ജാതി പിന്നാക്ക വികസന മന്ത്രി കെ രാധാകൃഷ്‌ണന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ ഡോ. എ സമ്പത്തിനെ ഒഴിവാക്കി (Ex MP A Sampath Removed As PS To Minister K Radhakrishnan). സിപിഎമ്മിന്‍റെ സര്‍വീസ് സംഘടനയായ കെജിഒഎയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി.
പൊടുന്നനെയുള്ള മാറ്റത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും മന്ത്രിയുടെ ആവശ്യപ്രകാരമാണ് മാറ്റമെന്നാണ് റിപ്പോർട്ട്. 2009 മുതൽ 2019 വരെ മൂന്ന് തവണ ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു സമ്പത്ത്. 2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സമ്പത്തിനെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രതിനിധിയായി ചുമതലപ്പെടുത്തുകയായിരുന്നു.
Also Read: എ സമ്പത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചു
ഈ സ്ഥാനമൊഴിഞ്ഞതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മന്ത്രി കെ രാധാകൃഷ്‌ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പൊടുന്നനെയുള്ള സ്ഥാന ചലനം. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നതിനാകാം പുതിയ മാറ്റമെന്ന് ഊഹാപോഹങ്ങളുയരുന്നുണ്ട്.