തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗക്കാരുടെ പേരിൽ തൊഴില്‍ ദിനങ്ങളിൽ തട്ടിപ്പ് നടത്തിയത് പരിശോധിക്കാന്‍ തൊഴിലുറപ്പ് മിഷൻ. വിവിധ ജില്ലകളിൽ അനർഹരായവർക്ക് അധിക തൊഴിൽ ദിനങ്ങളും വേതനവും നൽകിയതിന്‍റെ വിശദാംശങ്ങൾ തേടി മിഷൻ ഡയറക്ടർ ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോഡിനേറ്റർമാർക്ക് കത്തയച്ചു. അനർഹരെ ജോബ് കാർഡിൽ നിയമവിരുദ്ധമായി പട്ടികവർഗമാക്കി രേഖപ്പെടുത്തിയ അക്കൗണ്ടന്‍റ് കം ഐടി അസിസ്റ്റന്‍റുമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും ആരംഭിച്ചു.
മറ്റ് വിഭാഗങ്ങളേക്കാൾ 100 തൊഴിൽ ദിനങ്ങൾ പട്ടിക വർഗത്തിന് അധികമായി നൽകണമെന്ന ട്രൈബൽ പ്ലസ് പദ്ധതി അട്ടിമറിച്ചെന്ന വാർത്ത ഇടിവി ഭാരതാണ് പുറത്തുകൊണ്ടുവന്നത്. ഇതിനുപിന്നാലെയാണ് തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ദിവ്യ എസ് അയ്യർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. ഏറ്റവും കൂടുതൽ തിരിമറി നടന്ന ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റ് കം ഐടി അസിസ്റ്റന്‍റുമാരോട് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരാകാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്: ETV Bharat Exclusive... പട്ടികവർഗക്കാരുടെ പേരില്‍ തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങളില്‍ വൻ തട്ടിപ്പെന്ന് കണ്ടെത്തല്‍
പൊതുവിഭാഗത്തിലോ പട്ടികജാതി വിഭാഗത്തിലോ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള ജോബ് കാർഡിൽ പെട്ടവർക്ക് 100 ദിവസം വരെ മാത്രമേ തൊഴിൽ നൽകാൻ പാടുള്ളൂ. എന്നാൽ 101 മുതൽ 200 വരെ ദിവസങ്ങൾ തൊഴിൽ നൽകണമെങ്കിൽ തൊഴിലാളികളുടെ ജോബ് കാർഡ് പട്ടികവർഗ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതിനാല്‍ മറ്റ് പൊതു വിഭാഗത്തിൽ പെട്ടവർ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ തൊഴിൽ കാർഡിൽ പട്ടികവർഗം എന്നാക്കി എഡിറ്റ് ചെയ്തായിരുന്നു സോഫ്റ്റ്‌വെയറിനെ പോലും കബളിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്നത്.
ക്രമക്കേട് പുറത്തുവന്നതോടെ ഇത് മറച്ചുവയ്ക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതേസമയം, ജില്ല തലങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ പലപ്പോഴും തൊഴിലുറപ്പ് മിഷൻ അറിയുന്നില്ലെന്ന ആരോപണവുമുണ്ട്.