തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായി അദ്ദേഹം പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പദവികള്‍ ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം വീണ്ടും ആവർത്തിക്കുന്നത്. വെള്ളിയാഴ്‌ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ പി പങ്കെടുത്തേക്കില്ല. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ, ഇ പി ജയരാജനെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് കൺവീനർ സ്ഥാനം ഒഴിയാൻ താൻ സന്നദ്ധനാണെന്ന കാര്യം ഇ പി ജയരാജൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു പി ജയരാജന്‍റെ ആരോപണം. പാർട്ടിയുടെ താൽപര്യത്തിൽ നിന്നും നാടിന്‍റെ താൽപര്യത്തിൽ നിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also read: ഇ പി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ ; അനധികൃത സ്വത്ത് സമ്പാദനം എന്ന് പരാതി