തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വെള്ളിയാഴ്‌ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ അദ്ദേഹം വിശദീകരണം നൽകും. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ പി ജയരാജൻ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പി ബി നിർദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്‌ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് ജയരാജൻ വിശദീകരണം നൽകുക. വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വൈദീകം റിസോര്‍ട്ട് വിവാദം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഒക്‌ടോബർ 6 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ഇ പി ജയരാജൻ കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്‍റെ നേതൃയോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.
ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. പാർട്ടിയിൽ നിന്ന് സ്വയം പിൻവാങ്ങാനൊരുങ്ങുന്ന ഇ പി സുഹൃത്തുക്കളുടെയും അടുത്ത നേതാക്കളുടെയും നിർബന്ധപ്രകാരമാണ് സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് സ്വന്തം നിലപാട് വിശദീകരിക്കാൻ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വച്ചാണ് പി ജയരാജൻ ഇ പിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചത്.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. താൻ ആദ്യം വിഷയം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്‌ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്നും പി ജയരാജൻ ആരോപിച്ചിരുന്നു.