തിരുവനന്തപുരം: തനിക്കെതിരെ വലിയ രീതിയില്‍ ഗൂഢാലോചന നടക്കുന്നതായും ഇതിന്‍റെ ഭാഗമായാണ് തന്നെ ലക്ഷ്യം വച്ചുള്ള വാര്‍ത്തകള്‍ വരുന്നതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമായറിയാം. സമയമാകുമ്പോൾ ഇക്കാര്യം പുറത്തു പറയുമെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ല. അവിടത്തെ പരിശോധന എന്തിനാണെന്ന് മാനേജ്‌മെന്‍റിനോട് ചോദിക്കണം. ഒരു ബന്ധവുമില്ലാതിരുന്നിട്ടും വൈദേകത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ തന്‍റെ പേരും ഉപയോഗിച്ചു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
കണ്ണൂരിലുള്ള സ്ഥാപനമെന്ന നിലയില്‍ റെയ്‌ഡിനെ പറ്റി അന്വേഷിച്ചപ്പോള്‍ ടിഡിഎസുമായി ബന്ധപ്പെട്ട് പരിശോധനയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ കമ്പനി വലിയ തുക ടിഡിഎസായി അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് പരിശോധനയെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കണ്ണൂരിലെ പല സ്ഥാപനങ്ങളെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പലരും ഉപദേശം ചോദിച്ച് സമീപിക്കാറുമുണ്ട്. അതില്‍ രാഷ്ട്രീയം നോക്കാതെ സഹായിക്കാറുമുണ്ട്. നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ജയരാജന്‍ പറഞ്ഞു.
കാത്തിരുന്ന് കാണാം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കുമോയെന്നത് കാത്തിരുന്നു കാണാമെന്നും ജയരാജൻ പറഞ്ഞു. ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിച്ചാണ് ജാഥ നടത്തുന്നത്. താന്‍ ജാഥയില്‍ അംഗമല്ല. പാര്‍ട്ടി നിശ്ചയിച്ച ടീമാണ് ജാഥ നടത്തുന്നത്.
നല്ല രീതിയില്‍ അത് മുന്നോട്ട് പോകുന്നുണ്ട്. നല്ല രീതിയില്‍ നടക്കുന്ന ജാഥയെ താറടിക്കാന്‍ ചില പ്രചരണം നടക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ താന്‍ പങ്കിടുത്തില്ലെന്ന തരത്തില്‍ പ്രചരണം നടത്തുന്നു. കേരളം മുഴുവന്‍ ഒരു പോലെയാണ്. ഏത് ജില്ലയിലും പങ്കെടുക്കാം. മാധ്യമങ്ങള്‍ തന്നെ ലക്ഷ്യം വയ്‌ക്കുന്നതിന്‍റെ ഫലമായാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്.
അതിനായി ചിലര്‍ ഉപദേശവും നിര്‍ദേശവും നല്‍കുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകൾ ഉണ്ടാകുന്നതെന്നും ജയരാജന്‍ പറഞ്ഞു. കൂടാതെ തനിക്കെതിരായ ഗൂഢാലോചന പാര്‍ട്ടിക്കകത്ത് നിന്നാണെന്ന് അഭിപ്രായമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ആകാശ് തില്ലങ്കേരി വിഷയം ഉയര്‍ത്തി പ്രതിപക്ഷം നടത്തുന്നത് അനാവശ്യ വിവാദങ്ങളാണ്.
ജനങ്ങൾ സർക്കാരിനൊപ്പം: പ്രതിപക്ഷ നിരയില്‍ കൊല്ലിച്ചവരുണ്ട്. അതുകൊണ്ടാണ് എല്ലാവരെയും അങ്ങനെ കാണുന്നതെന്നും ജയാരാജന്‍ പറഞ്ഞു. വിമോചന സമര മാതൃകയില്‍ സര്‍ക്കാരിനെതിരെ സമരം നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇതിന് സാധിക്കുന്നില്ല.
അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യുന്നത്. ഇതിന് പിന്നില്‍ വലതുപക്ഷ ശക്തികളുടെ പ്രേരണയാണുള്ളത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.
ഇഡി പരിശോധന: ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായ ആയുര്‍വേദ റിസോര്‍ട്ടിലാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രവാസി മലയാളി വഴി റിസോര്‍ട്ടില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇഡിയില്‍ ലഭിച്ച പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ റിസോര്‍ട്ടിന്‍റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാവ് പി ജയരാജനായിരുന്നു സംസ്ഥാന സമിതി യോഗത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ അന്വേഷണ സമിതിയെ സിപിഎം നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.