തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ ജനസദസ്സുകൾ ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ (Ep Jayarajan Against UDF). യുഡിഎഫ് ജനസദസ്സിൽ പങ്കെടുക്കാത്തത് വികസനം ദുർബലപ്പെടുത്താനാണെന്ന് ഇപി ജയരാജൻ പറഞ്ഞു.
സർക്കാരിൻ്റെ ജനസദസ്സുകളെ യുഡിഎഫ് ഭയപ്പെടുകയാണ്. യുഡിഎഫിൻ്റേത് ജനവിരുദ്ധ സമീപനമാണെന്നും കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ രാജ്ഭവന് മുന്നിൽ നടത്തിയ സത്യഗ്രഹ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കൊവിഡ് സമയത്തും പ്രളയ സമയത്തും സ്വീകരിച്ചത് ഇതേ നിലപാടാണ്. കടം വാങ്ങി കേരളം വികസിക്കും. ആ വികസനത്തിലൂടെ ബാധ്യത തീർക്കും. യുഡിഎഫിന് കേരളത്തോട് സ്നേഹമുണ്ടോ?. കൊതുകിന് താത്പര്യം ചോരയെന്ന പോലെയാണ് യുഡിഎഫെന്നും അദ്ദേഹം കുറ്റപ്പെടുത്തി (Ep Jayarajan On State's Development).
സംസ്ഥാന സർക്കാർ നവംബർ, ഡിസംബർ മാസങ്ങളിലായി 140 മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ബഹുജന സദസ്സിൽ പ്രതിപക്ഷ എംഎൽഎമാരും നേതാക്കളും പങ്കെടുക്കുമെന്ന് കരുതുന്നതായി ഇപി ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ജനസദസ്സിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപി ജയരാജന്‍റെ പ്രതികരണം. പിണറായി സർക്കാരിലൂടെ സംസ്ഥാനത്ത് വലിയ പുരോഗതിയാണ് ഉണ്ടായത്. ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുകയാണ്.
വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫിനെന്നും കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് വികസനം തടയാൻ ബിജെപി ശ്രമിക്കുകയാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. അർഹിക്കുന്ന സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. എജി രാഷ്ട്രീയ കളികളാണ് നടത്തുന്നത്.
പെൻഷൻ നൽകാനുള്ള വിഹിതം പോലും കൃത്യമായി കേന്ദ്രം നൽകുന്നില്ല. കേരളത്തിന്‍റെ പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാൻ ഒരു യുഡിഎഫ് എംപിമാരും തയ്യാറാകുന്നില്ലെന്നും പല ഇനങ്ങളിലായി 580 കോടി രൂപ കേന്ദ്രം സർക്കാറിന് നൽകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്‍റിന് മുന്നിൽ സത്യഗ്രഹം നടത്താൻ പറ്റുമോ എന്ന് യുഡിഎഫ് എംപിമാരോട് ചോദിച്ചപ്പോൾ അവർ സമ്മതിക്കുന്നില്ല. പ്രധാനമന്ത്രിക്ക് ഒരുമിച്ച് ഒരു നിവേദനം നൽകാമെന്ന് ആവശ്യപ്പെട്ടിട്ടുപോലും കേരളത്തിലെ 18 യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാർ കെ റെയിൽ നടപ്പാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കേന്ദ്രം വന്ദേ ഭാരത് കൊണ്ടുവന്നത്. എൽഡിഎഫ് കെ റെയിൽ മുന്നോട്ടുവച്ചില്ലായിരുന്നെങ്കില്‍ വന്ദേഭാരത് വരുമായിരുന്നോ?. കേരളത്തിലെ ജനങ്ങളെ സർക്കാർ പൊന്നുപോലെയാണ് നോക്കുന്നത്.
കേന്ദ്ര നയപ്രകാരമാണ് ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത്. ലോകായുക്ത ബില്ലില്‍ അടക്കം ഗവർണർ ഒപ്പിടുന്നില്ല. ഈ നിലപാടൊന്നും ഗുണം പിടിക്കില്ലെന്ന് മനസ്സിലാക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.
പ്രതികരിച്ച് ഇപി ജയരാജൻ : പാവപ്പെട്ട കർഷകരുടെ മനോനില സർക്കാർ മനസിലാക്കുന്നെന്നും കേരള സർക്കാർ എന്നും കർഷകർക്കും പിന്നാക്കം നിൽക്കുന്നവർക്കും ഒപ്പമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
അത്തരക്കാർക്ക് ഓണം ഉണ്ണാൻ വേണ്ടി പതിനെട്ടായിരം കോടി രൂപ സമാഹരിച്ച് നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് മാത്രമേ സാമൂഹിക, സിനിമ രംഗത്തുള്ളവർ പ്രതികരിക്കാൻ പാടുള്ളൂവെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി (EP Jayarajan On Actor Jayasuryas Remark On Farmers).