തിരുവനന്തപുരം : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. നിലവിലെ കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജയരാജനെ നിയോഗിക്കുന്നത്.
വിജയരാഘവന്‍റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് സ്ഥാനമൊഴിയല്‍. രണ്ട് ടേം നിബന്ധനയെ തുടര്‍ന്നാണ് ഇത്തവണ മത്സരരംഗത്തുനിന്നും ജയരാജന്‍ മാറിനിന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കുറച്ചുനാളത്തേക്ക് മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് തിരിച്ചുവന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിനും മാറ്റം വരാന്‍ സാധ്യതയുണ്ട്. ദിനേശന്‍ പുത്തലത്ത് സിപിഎം സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിയും.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയാകുമെന്നാണ് നിലവിലെ വിവരം. നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.