തിരുവനന്തപുരം: അഴിമതി ആരോപണം ഉന്നയിച്ച വി.ടി.ബല്‍റാമിന് മറുപടി നല്‍കി ഇ.പി.ജയരാജന്‍ നിയമസഭയില്‍. വ്യവസായ വകുപ്പ് സെക്രട്ടറി പി. ബിജുവിനെ മാറ്റിയത് നടപടിക്രമങ്ങള്‍ പ്രകാരമാണെന്നും ജീവനക്കാരെ വകുപ്പ് മാറ്റി നിയമിക്കുന്നത് അഴിമതിയായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാഫിയേയും സഹായിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. കെല്‍ട്രോണിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ചു വരികയാണ്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. കെല്‍ട്രോണിനെ തകര്‍ക്കാന്‍ അനുവദിക്കില്ല. കെല്‍ട്രോണിനെ സംരക്ഷിച്ച് കൂടുതല്‍ സുതാര്യമായി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.
കോക്കോണിക്‌സ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടില്ലെന്നും 66 സെന്‍റ് സ്ഥലം മൂന്നു വര്‍ഷത്തേക്ക് വാടകാടിസ്ഥാനത്തില്‍ നല്‍കിയതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു ലക്ഷം രൂപയാണ് വാടക നിരക്ക്. എല്ലാ കമ്പനികളും പാര്‍ട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്യാറാണ് പതിവ്. ഇതിനെ അഴിമതിയായി ചിത്രീകരിക്കരുത്. ഇപ്പോള്‍ അഴിമതിയായി ഉന്നയിക്കുന്ന പ്രവര്‍ത്തികളെല്ലാം യു.ഡി.എഫ് കാലത്ത് ആരംഭിച്ചതാണെന്നും ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ കമ്പനികളെ സാധാരണ സര്‍ക്കാര്‍ കരാറില്‍ അനുവദിക്കാറില്ല. ഗാലക്‌സോണ്‍ കമ്പനിയെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്നും ജയരാജന്‍ സഭയില്‍ പറഞ്ഞു. നേരത്തെ ജയരാജനെതിരെ ഷാഫിപറമ്പില്‍ രേഖാമൂലം അഴിമതി ആരോപിച്ചിരുന്നു.