തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് ഫാർമസി പ്രവേശനപരീക്ഷക്ക് തുടക്കമായി. കേരളത്തിന് അകത്തും പുറത്തുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ നാളെ സമാപിക്കും.
330 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തിന് പുറമെ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളാണ് ഇന്ന് നടന്നത്. നാളെ രണ്ടാം പേപ്പറായ കണക്ക് പരീക്ഷയും നടക്കും. പ്ലസ് ടു റിസൾട്ട് വരുന്ന മുറയ്ക്ക് എത്രയും വേഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മീഷണർ എ. ഗീത പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ സമയം. പ്രത്യേക നീരിക്ഷകരുടെ സാന്നിധ്യവും പരീക്ഷ കേന്ദ്രങ്ങളിലുണ്ടാകും.