തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിൻവലിക്കും. അടിയന്തര മന്ത്രിസഭ യോഗം കൂടിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കും. സൈബർ അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റം ആകാൻ സാധ്യതയുണ്ടെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതേതുടർന്നാണ് നിയമഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. എല്ലാ ബുധനാഴ്‌ചകളിലും ചേരാനുള്ള 19 അംഗ മന്ത്രിസഭായോഗമാണ് ഇന്നത്തേക്ക് മാറ്റി അടിയന്തരമായി ചേർന്നത്.
ഓർഡിനൻസ് പിൻവലിക്കാനായി റിപീലിങ് ഓർഡിനൻസ് ഇറക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഭേദഗതി സംബന്ധിച്ച് സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ കഴിയുന്നതിന് മുമ്പാണ് വിവാദ ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഭേദഗതിക്കെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും ഒപ്പംതന്നെ പൊതുമണ്ഡലത്തിലും രൂക്ഷമായ വിമർശനം ഉയർന്നതിനെ തുടർന്നാണ് സർക്കാർ പിന്നോട്ട് പോയത്.
വിവാദമായ ഭേദഗതി വേണ്ടെന്നുവയ്ക്കാൻ സിപിഎം സർക്കാരിന് നേരത്തെ നിർദേശം നൽകിയിരുന്നു. ബുധനാഴ്‌ച ചേരാനുള്ള പതിവ് മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറിക്ക് നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് അടിയന്തരമായി മന്ത്രിസഭായോഗം ചേർന്നത്. സർക്കാർ തീരുമാനം ഗവർണറെ ഔദ്യോഗികമായി അറിയിക്കും. ഇതിനായി സർക്കാരിന്‍റെ പ്രതിനിധി ഗവർണർ നേരിട്ട് സന്ദർശിക്കാനാണ് സാധ്യത.