തിരുവനന്തപുരം: നാവായിക്കുളത്ത് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്‌തു. നാവായിക്കുളം നൈനാംകോണം സ്വദേശി സഫീർ ആണ് പതിനൊന്നും ഒൻപതും വയസുള്ള ആണ്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. മൂത്ത മകൻ അൽത്താഫിനെ വീട്ടിൽ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇളയ മകൻ അൻഷാദിനെയും കൂട്ടി സഫീർ സമീപത്തെ അമ്പലകുളത്തിൽ ചാടുകയായിരുന്നു . ഓട്ടോ ഡ്രൈവറാണ് സഫീർ.
മൂത്ത മകനെ കൊലപ്പെടുത്തിയ വിവരം സഫീർ കത്തെഴുതി ഓട്ടോയില്‍ വച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് മൂത്ത മകന്‍റെ മൃതദേഹവും അമ്പലക്കുളത്തിൽ നിന്ന് സഫീറിന്‍റെയും ഇളയമകന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെട്ട ജീവിതമായിരുന്നു സഫീറിന്‍റേത് എന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സഫീർ കുട്ടികളെ നിർബന്ധിച്ച് കൂട്ടികൊണ്ടുപോവുകയായിരുന്നു.